ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. എഎഐബിയുടെ റിപ്പോർട്ട് പ്രാഥമിക അന്വേഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അന്തിമ റിപ്പോർട്ട് പുറത്തുവരുന്നതുവരെ കാത്തിരിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഇക്കാര്യത്തിൽ നമ്മൾ എടുത്തുചാടി ഒരു നിഗമനത്തിലും എത്തരുത്. ലോകത്തിലെ ഏറ്റവും മികച്ച പൈലറ്റുമാരും ജീവനക്കാരുമാണ് നമുക്കുള്ളത്. വ്യോമയാന മന്ത്രാലയത്തിന്റെ നട്ടെല്ലാണ് അവർ. അതിനാൽ ഒരു നിഗമനത്തിൽ എത്താൻ നമുക്ക് സാധിക്കില്ല. സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. വ്യക്തമായ മറുപടി പറയാൻ ഇപ്പോൾ സാധിക്കില്ല. അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനസ്വിച്ച് ഓഫ് ആയതാണ് അപകടത്തിന് കാരണമായതെന്നാണ് എഎഐബിയുടെ റിപ്പോർട്ട്. എങ്ങനെ സ്വിച്ച് ഓഫായി, സാങ്കേതിക തകരാർ സംഭവിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തും. അന്വേഷണസംഘത്തിന് ലഭിച്ച പൈലറ്റുമാരുടെ ശബ്ദരേഖയിൽ നിന്നാണ് ഇന്ധനസ്വിച്ച് ഓഫായതിനെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. “ഇന്ധനസ്വിച്ച് ഓഫാക്കിയത് ആരെന്ന്” ഒരു പൈലറ്റ് ചോദിക്കുന്ന ശബ്ദരേഖയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.