കൊൽക്കത്തിയിൽ കോളേജ് വിദ്യാർത്ഥിനിയെ ക്യാമ്പസിനുള്ളിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊൽക്കത്തയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. ആൺകുട്ടികളുടെ ഹോസ്റ്റലിൽ എത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷമാണ് ആക്രമണം നടത്തിയത്. കൗൺസിലിംഗ് ചെയ്യാമെന്ന് പറഞ്ഞാണ് യുവതിയെ പ്രതി ഹോസ്റ്റലിൽ എത്തിച്ചത്. തുടർന്ന് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകുകയായിരുന്നു. ഇത് കുടിച്ചതോടെ യുവതി ബോധരഹിതയായി. പിന്നീട് ഉണർന്നപ്പോഴാണ് താൻ പീഡനത്തിനിരയായ വിവരം മനസിലായതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
പീഡനവിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ ആരോപിച്ചു. പൊലീസ് കഴിഞ്ഞ ദിവസം തന്നെ യുവാവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കൊൽക്കത്ത ലോ കോളേജിലെ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടുമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികൾ സുരക്ഷിതരല്ലെന്ന് ബിജെപി നേതാക്കൾ വിമർശിച്ചു.