ബെംഗളൂരു: രണ്ട് പെൺമക്കളുമായി ഉൾവനത്തിലെ ഗുഹയിൽ താമസിച്ചുവരികയായിരുന്ന റഷ്യൻ യുവതിയെ കണ്ടെത്തി. കർണാടകയിലെ ഗോകർണയിലുള്ള രാമതീർത്ഥ കുന്നിന് മുകളിൽ നിന്നാണ് യുവതിയെയും മക്കളെയും കണ്ടെത്തിയത്. കുന്നിന് മുകളിൽ അപകടകരമായ നിലയിൽ സ്ഥിതിചെയ്യുന്ന ഗുഹയിലാണ് റഷ്യൻ വംശജയായ നീന, പെൺമക്കളായ പ്രേമ, അമ എന്നിവർ താമസിച്ചിരുന്നത്. ഗോകർണ പൊലീസിന്റെ പട്രോളിംഗിനിടെ ഇവരെ കണ്ടെത്തുകയായിരുന്നു.
ജൂലൈ ഒമ്പതിന് വൈകുന്നേരം അഞ്ച് മണിക്കാണ് ഗോകർണ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറും സംഘവും യുവതിയെയും മക്കളെയും കണ്ടെത്തിയത്.
ഗുഹയ്‌ക്കുള്ളിൽ നിന്നും കുടുംബത്തിന്റെ സാധനങ്ങളും പൊലീസ് കണ്ടെത്തി. താൻ ആത്മീയത തേടി ഗോവയിൽ നിന്ന് ഗോകർണയിലേക്ക് എത്തിയതാണെന്നും ധ്യാനത്തിന് വന്നതാണെന്നും യുവതി ചോദ്യം ചെയ്യലിൽ പറഞ്ഞു. നഗരജീവിതം ഒഴിവാക്കാനാണ് താൻ ഇവിടെ എത്തിയതെന്നും അവർ പൊലീസ് സംഘത്തെ അറിയിച്ചു.
യുവതിയെ കൗൺസിലിംഗിന് വിധേയയാക്കുമെന്ന് പൊലീസ് പറഞ്ഞു. മൂന്നംഗ കുടുംബത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. പാസ്പോർട്ടും വിസയും ഉൾപ്പെടെയുള്ള രേഖകൾ യുവതി താമസിച്ചിരുന്ന ഗുഹയ്‌ക്ക് സമീപത്ത് നിന്നും കണ്ടെടുത്തു. 2018-ൽ കാലാവധി കഴിഞ്ഞ വിസയാണ് കണ്ടെത്തിയത്. യുവതിയെയും കുട്ടികളെയും തിരികെ റഷ്യയിലേക്ക് കൊണ്ടുപോകുന്നതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഉൾവനത്തിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശത്താണ് ഗുഹയുള്ളത്. കഴിഞ്ഞ വർഷം ജൂലൈയിൽ ഗുഹയ്‌ക്ക് സമീപം വലിയ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. വിഷപ്പാമ്പുകൾ ഉൾപ്പെടെയുള്ള അപകടകാരികളായ വന്യജീവികളുടെ ആവാസ കേന്ദ്രമാണിവിടം.