റായ്പൂർ: ഛത്തീസ്ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി. തലയ്‌ക്ക് 1.8 കോടി രൂപ പാരിതോഷിതം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റുകളാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. സുക്മ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലാണ് മാവോയിസ്റ്റുകൾ എത്തിയത്.
സുക്മ പൊലീസിന്റെയും സെൻട്രൽ റിസർവ് പൊലീസ് സേനയുടെയും സംയുക്ത ശ്രമത്തിന്റെ ഫലമായാണ് കീഴടങ്ങൽ. നാരായൺപൂർ ജില്ലയിൽ 22 മാവോയിസ്റ്റുകൾ ആയുധങ്ങൾ വച്ച് കീഴടങ്ങിയതിന് പിന്നാലെയാണിത്.
കീഴടങ്ങിയവരിൽ മാവോയിസ്റ്റ് തലപ്പത്തുള്ളവരും ഉൾപ്പെടുന്നതായാണ് വിവരം. ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റുകളും ഇതിൽ ഉൾപ്പെടുന്നു. ബസ്തർ മേഖലയിലുടനീളം ആക്രമണം നടത്തിയവരാണ് ഇവർ.
2012-ൽ ജില്ലാ കളക്ടറായിരുന്ന അലക്സ് പോളിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഉൾപ്പെട്ട മാവോയിസ്റ്റുകളും കീഴടങ്ങിയവരിലുണ്ടെന്നാണ് റിപ്പോർട്ട്. വലിയ തോതിൽ വാർത്തയായിരുന്ന സംഭവമായിരുന്നു കളക്ടറെ തട്ടിക്കൊണ്ടുപോയ കേസ്.