മുംബൈ: നവി മുംബൈ വിമാനത്താവളത്തിന്റെ നിർമാണം സെപ്റ്റംബർ 30-നകം പൂർത്തിയാകുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. നിർമാണ തൊഴിലാളികളുടെ എണ്ണം ഇരട്ടിയാക്കണമെന്നും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ നടത്തുന്നതിന് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയോടൊപ്പം വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവളത്തിലെ ടെർമിനൽ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി. മറ്റ് ജോലികൾ പുരോഗമിക്കുകയാണ്. ബാഗേജ് ക്ലെയിം സിസ്റ്റം ലോകത്തിലെ ഏറ്റവും വേഗതയേറിയ സംവിധാനമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. രണ്ട് റൺവേകളായിരിക്കും ഉണ്ടാവുക. ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളത്തേക്കാൾ വലുതായിരിക്കുമിത്. ഇതൊരു ഗ്രീൻഫീൽഡ് വിമാനത്താവളമാണെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
യാത്രക്കാർക്ക് വേണ്ടി പ്രത്യേക സൗകര്യങ്ങളോടെയാണ് വിമാനത്താവളം നിർമിക്കുന്നത്. മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് മഹാരാഷ്‌ട്ര ലിമിറ്റഡിന്റെയും പങ്കാളിത്തത്തോടെയാണ് വിമാനത്തിന്റെ നിർമാണം നടക്കുക. നവി മുംബൈ മേഖലയ്‌ക്ക് പുതിയ വ്യാപാര സാധ്യതകൾ തുറക്കാൻ ഇതിലൂടെ സാധിക്കും.















