ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താൻ തങ്ങൾ ആണവായുധങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യൻ സൈനിക നടപടിയിൽ നാല് പാകിസ്ഥാനികൾ മാത്രമാണ് കൊല്ലപ്പെട്ടതെന്നും പാകിസ്ഥാൻ ശക്തമായി തന്നെ തിരിച്ചടിച്ചുവെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. പൊതുപരിപാടിയെ അഭിസംബോധന ചെയ്യവെയാണ് പ്രതികരണം.
ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ച് സദസിൽ നിന്നുവന്ന ചോദ്യത്തിനാണ് പാക് പ്രധാനമന്ത്രിയുടെ അവകാശവാദങ്ങൾ. പാകിസ്ഥാന്റെ ആണവപദ്ധതി ആക്രമണങ്ങൾക്ക് വേണ്ടിയല്ല ഉപയോഗിക്കുന്നതെന്നും സമാധാനപരമായ ആവശ്യങ്ങൾക്കും രാജ്യത്തിന്റെ പ്രതിരോധത്തിനും വേണ്ടിയുള്ളതാണെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
പാക് സൈനിക മേധാവി അസിം മുനീർ പ്രസിഡന്റാകുമെന്നതുമായി ബന്ധപ്പെട്ട വാർത്തകളെ ഊഹാപോഹങ്ങൾ എന്നാണ് ഷെഹ്ബാസ് വിശേഷിപ്പിച്ചത്. പാക് പ്രസിഡന്റാകണമെന്ന് അസിം മുനീർ ഒരിക്കലും ആഗ്രഹം പ്രകടപ്പിച്ചിട്ടില്ലെന്നും അഭ്യൂഹങ്ങളാണ് ഇതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.