ഹൈദരാബാദ്: തെലുങ്ക് നടനും മുൻ ബിജെപി എംഎൽഎയുമായിരുന്ന കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസായിരുന്നു. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ ഫിലിംനഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സിയിലിരിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.
രണ്ട് ദിവസം മുമ്പായിരുന്നു ശ്രീനിവാസ റാവുവിന്റെ 83-ാം ജന്മദിനം. 1973-ൽ പ്രണം ഖരീദു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. നാല് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അഭിനയജീവിതത്തിൽ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി 750-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിലും ഹാസ്യവേഷങ്ങളിലും തിളങ്ങിയ ശ്രീനിവാസ റാവുവിനെ നേടി നിരവധി പുരസ്കാരങ്ങളും എത്തിയിരുന്നു. 2023-ൽ പുറത്തിറങ്ങി. സുവർണ സുന്ദരി എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
അഭിനയജീവിതത്തിന് ശേഷം 1999 മുതൽ 2004 വരെ വിജയവാഡ നിയമസഭാ മണ്ഡലത്തിൽ നിന്നും ബിജെപി എംഎൽഎയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മികവുറ്റ കലാകാരനും രാഷ്‌ട്രീയ നേതാവുമായിരുന്നു ശ്രീനിവാസ റാവു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഉപമുഖ്യമന്ത്രി പവൻ കല്യാണും അനുശോചനം രേഖപ്പെടുത്തി.