ന്യൂഡൽഹി: യുപി മതപരിവർത്തന റാക്കറ്റിന്റെ സൂത്രധാരൻ ജലാലുദ്ദീൻ എന്ന ചങ്കൂർ ബാബ എന്ന ജമാലുദ്ദീനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. മതപരിവർത്തനം നടത്താൻ ആസൂത്രണം നടത്തുകയും വിദേശ ധനസഹായം ലഭിക്കുകയും ഹൈന്ദവ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് വ്യാജ തിരിച്ചറിയൽ രേഖകളുണ്ടാക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഉത്തർപ്രദേശ് ഭീകരവാദവിരുദ്ധ സ്ക്വാഡാണ് അന്വേഷണം നടത്തുന്നത്.
വിധവകളായ ഹിന്ദു സ്ത്രീകളെയാണ് ചങ്കൂർ ബാബയും സംഘവും പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. കള്ളക്കടത്ത് നടത്തുന്നതിനും മതപരിവർത്തനം നടത്തുന്നതിനുള്ള നീക്കങ്ങൾക്കും വേണ്ടി കോഡ് ഭാഷയാണ് സംഘം ഉപയോഗിച്ചിരുന്നത്. ഹിന്ദു സ്ത്രീകളെ ‘പ്രൊജക്ട്’ എന്നാണ് പരാമർശിച്ചിരുന്നത്. മതപരിവർത്തനം നടത്തുന്നതിനെ ‘മിട്ടി പലാട്ന’ അഥവ മണ്ണ് ഉഴുത് മറിക്കുക എന്നായിരുന്നു കോഡ് ഭാഷ. ‘ദർശൻ’ എന്ന കോഡ് പദമാണ് ചങ്കൂർ ബാബയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് സംഘം ഉപയോഗിച്ചിരുന്നത്.
ഹിന്ദു സ്ത്രീകളെ, പ്രത്യേകിച്ച് വിധവകളെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയും പ്രണയം നടിച്ച് തെറ്റിദ്ധരിപ്പിച്ചാണ് വരുതിയിലാക്കുന്നത്. തുടർന്ന് അവരെ മതപരിവർത്തനത്തിന് നിർബന്ധിപ്പിക്കുന്നു. ഇതിന് ഗൂഢാലോചന ചെയ്യുന്നതും പദ്ധതികൾ ആവിഷ്കരിക്കുന്നതും ചങ്കൂർ ബാബയാണ്.
വ്യാജ തിരിച്ചറിയൽ രേഖകൾ തയാറാക്കിയാണ് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത്. പിന്നീട് ഹിന്ദുപ്പേരിൽ വ്യാജ സോഷ്യൽമീഡിയ പ്രൊഫൈലുകളും ഉണ്ടാക്കും. മതപരിവർത്തനത്തിനും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും പണം കണ്ടെത്തുന്നതിനായി മദ്രസകളും മതപാഠശാലകളും നടത്തിയിരുന്നു. ഇതുവഴി ലഭിക്കുന്ന വിദേശ സംഭാവനകളും പണവും മതപരിവർത്തനം നടത്താനാണ് ചെലവഴിച്ചിരുന്നത്. നേപ്പാളിലെ അന്താരാഷ്‌ട്ര എൻജിഒകളും ഇസ്ലാമിക സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ.