കൊൽക്കത്ത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ ഒമ്പതംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. സൗത്ത് വെസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ജൂലൈ 19 വരെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽവിട്ടു.
ഡിജിറ്റൽ, ഫോറൻസിക് തെളിവുകൾ അന്വേഷിച്ചുവരികയാണ്. ഫോറൻസിക് സംഘങ്ങൾ ഇതിനകം സ്ഥലം സന്ദർശിച്ചിട്ടുണ്ട്. അന്വേഷണസംഘം ബോയ്സ് ഹോസ്റ്റലിലെത്തി തെളിവുകൾ ശേഖരിച്ചു. ഹോസ്റ്റൽ, കോളേജ് തുടങ്ങിയയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
വെള്ളിയാഴ്ച രാത്രി പത്ത് മണിക്കാണ് സംഭവം നടന്നത്. കൗൺസിലിംഗ് നടത്താമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി യുവതിയെ ബോയ്സ് ഹോസ്റ്റലിൽ എത്തിച്ചത്. തുടർന്ന് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധം കെടുത്തുകയും പീഡിപ്പിക്കുകയുമായിരുന്നു.
സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പൊലീസ് വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തി.