മലപ്പുറം: പരപ്പനങ്ങാടി പാലത്തിങ്ങൽ കടലുണ്ടി പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. താനൂർ എടക്കടപ്പുറം സ്വദേശി ജൂറൈജ് ആണ് മരിച്ചത്. തൃശൂർ അഴീക്കോട് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്‌ച്ചയാണ് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ വിദ്യാർത്ഥി ഒഴുക്കിൽ പെട്ടത്. ഒപ്പമുണ്ടായിരുന്നു രണ്ട് സുഹൃത്തുക്കൾ നീന്തി രക്ഷപ്പെട്ടിരുന്നു. അന്ന് മുതൽ തന്നെ വിദ്യാർഥിക്കായി പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു.
ദേശീയ ദുരന്ത നിവാരണ സേന,അഗ്നിശമന സേന എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വന്തം നിലയ്‌ക്ക് തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും പാറ കുഴികളും നിറഞ്ഞ അപകടം നിറഞ്ഞ പുഴയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.
അതിനിടെയാണ് ഇന്ന് രാവിലെ തൃശൂരിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കരയിൽ നിന്ന് 18 കിലോമീറ്റർ അകലെയാണ് കടലില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു.















