കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല സമരഭൂമിയാക്കുന്നതിനെതിരെ പൊലീസ്. കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി നോട്ടീസ് അയച്ചു. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
കാലിക്കറ്റ് സർവകലാശാലയിലെ കെട്ടിടങ്ങൾ, പരീക്ഷ ഭവൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് എന്നിവയുടെ 200 മീറ്റർ ചുറ്റളവിലാണ് സമരങ്ങൾക്ക് നിരോധനം. നിർദേശം ലംഘിച്ചാൽ കർശനനടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രകടനമോ, ധര്‍ണയോ, സമരമോ പാടില്ലെന്ന് പൊലീസ്. തേഞ്ഞിപ്പലം SHO വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ് നൽകി.
കഴിഞ്ഞ ദിവസങ്ങളില്‍ കാലിക്കറ്റ് സർവകലാശാലയില്‍ വിസിക്കെതിരായി എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ നടന്നിരുന്നു. കൂടാതെ വീണ്ടും പ്രതിഷേധം തുടരുമെന്ന സൂചനയും എസ്എഫ്‌ഐ നല്‍കികിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഉത്തരവിറക്കിയിരിക്കുന്നത്.
2012 ൽ അന്നത്തെ വിസി ഹൈക്കോടതിയിൽ നിന്ന് 200 മീറ്ററിൽ സമരം പാടില്ല എന്ന ഉത്തരവ് നേടിയിരുന്നു. ഇത് ആധാരമാക്കി നടപടി സ്വീകരിക്കണം എന്ന് നിലവിലെ വിസി പൊലീസിന് കത്തു നൽകി. പിന്നാലെയാണ് പൊലീസ് വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ ഉൾപ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നൽകിയത്.















