തിരുവനന്തപുരം : കേരളത്തിൽ വിദ്യാനികേതനു കീഴിലുള്ള വിദ്യാലയങ്ങളിൽ ഗുരുപൂജ ദിനത്തിൽ നടന്ന പരിപാടിക്കെതിരെയുള്ള ഇടതുപക്ഷ സംഘടനകളുടെ പരാമർശം ആശയദാരിദ്ര്യം മൂലമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. ആര്യ ലക്ഷ്മി.
മാതാവിനെയും പിതാവിനെയും ഗുരുവിനെയും ഈശ്വര തുല്യരായി കാണുന്ന ഭാരത സംസ്കാരത്തിന്റെ ഭാഗമാണ് ഗുരുപൂജയും പാദനമസ്കാരവും. ആയിരക്കണക്കിന് വർഷങ്ങളായി ഈ സംസ്കാരം പിന്തുടരുന്നവരാണ് ഭാരതീയർ. ഈ സംസ്കാരത്തിൽ അഭിമാനം കൊള്ളുന്നതിനാലാണ് വർഷങ്ങളായി ഭാരതീയ വിദ്യാനികേതൻ വിദ്യാലയങ്ങളിൽ വ്യാസ ജയന്തി ദിവസം, ഗുരു പൂർണിമ, ഗുരുപൂജ ഉത്സവം സമൂഹത്തിലെ മുതിർന്നവരെയോ അധ്യാപകരെയോ ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തിവരാറുള്ളത്. ഇത്തരം ഭാരതീയ സംസ്കാരങ്ങളിൽ എസ്എഫ്ഐയ്‌ക്കും ഡി വൈ എഫ് ഐ യ്‌ക്കും മതിപ്പുണ്ടാവണമെന്നില്ല. പഠിപ്പിച്ച അധ്യാപകർക്ക് റീത്ത് വയ്‌ക്കുകയും അവരുടെ കുഴിമാടം ഒരുക്കുകയും കസേര കത്തിക്കുകയും ചെയ്യുന്നതാണ് അവരുടെ രീതി. അധ്യാപകരുടെ ചെകിടത്തടിച്ചും കാലു വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയുമൊക്കെയാണ് അവർ അധ്യാപകരോട് ആദരവ് പ്രകടിപ്പിക്കാറുള്ളത്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിലൂടെ മുഖം നഷ്ടപ്പെട്ടിരിക്കുന്ന എസ്എഫ്ഐ, പൊതു സമൂഹത്തിന്റെ കണ്ണിൽപ്പൊടിയിടാനാണ് ഇത്തരം സംഭവങ്ങളെ കുത്തിപൊക്കി കൊണ്ടു വരുന്നതെന്ന് സാമാന്യബോധമുള്ള ആർക്കും യഥേഷ്ടം മനസ്സിലാകും. സാംസ്‌കാരികമായി മൂല്യച്യുതി സംഭവിച്ചു, ലഹരിയുടെയും അക്രമവാസനയുടെയും ഈറ്റില്ലങ്ങളായി കേരളത്തിലെ പല സ്കൂളുകളും മാറിയത് സമീപകാലത്തു കേരള സമൂഹം ഒരുപാട് ചർച്ച ചെയ്ത വിഷയമാണ്. അത്തരം സ്കൂളുകളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഭാരതത്തിന്റെ സാംസ്‌കാരിക ബോധം പുതുതലമുറയ്‌ക്ക് പകർന്നു നൽകുന്നവയാണ് വിദ്യാനികേതനു കീഴിലുള്ള സ്കൂളുകൾ. അത്തരം വിദ്യാനികേതൻ സ്കൂളുകളെ ബോധപൂർവം കരിവാരി തേക്കുവാനും അതിലൂടെ തങ്ങൾക്കെതിരെ സമൂഹത്തിൽ ഉയർന്നു വരുന്ന പ്രതിഷേധങ്ങൾ വഴിതിരിച്ചു വിടാനുമാണ് എസ് എഫ് ഐ ശ്രമിക്കുന്നത്.
കേരളത്തിലെ രക്ഷകർത്തൃ സമൂഹം ഈ വിഷയം യുക്തിപൂർവം തിരിച്ചറിയണമെന്നും സമൂഹത്തിലെ നല്ല ശീലങ്ങളെ ഇല്ലാതാക്കാനുള്ള കമ്മ്യുണിസ്റ്റ് ഗൂഢാലോചന തിരിച്ചറിയണമെന്നും ആര്യ ലക്ഷ്മി പ്രസ്താവനയിൽ അറിയിച്ചു.