വാഷിംഗ്ടൺ: ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ. യുഎസിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI) ഉദ്യോഗസ്ഥരാണ് ഇവരെ ഒരു തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ എട്ട് ഖാലിസ്ഥാനി ഭീകരരിൽ പവിത്തർ സിംഗ് ബടാലയും ഉൾപ്പെടുന്നു. പഞ്ചാബിലെ ഒരു ഗുണ്ടാസംഘാംഗമാണ് ഇയാൾ. നിരോധിത ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ (ബികെഐ) നിർദ്ദേശപ്രകാരം ഭീകര പ്രവർത്തനങ്ങൾ നടത്തിയതിന് എൻഐഎ തിരയുന്ന ആളാണ് ബടാല. ബടാലയ്‌ക്കെതിരെ ഭീകരവിരുദ്ധ ഏജൻസിയും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
ദിൽപ്രീത് സിംഗ്, അർഷ്പ്രീത് സിംഗ്, അമൃത്പാൽ സിംഗ്, വിശാൽ, പവിത്തർ സിംഗ്, ഗുർതാജ് സിംഗ്, മൻപ്രീത് രൺധാവ, സരബ്ജിത് സിംഗ് എന്നിവരെയാണ്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തലനുസരിച്ച്, അറസ്റ്റിലായ എല്ലാ പ്രതികളും ഗുണ്ടാ-ഭീകര ശൃംഖലയുമായി ബന്ധപ്പെട്ടവരാണ്.
തിരച്ചിലിനിടെ, അറസ്റ്റിലായ ഭീകരരിൽ നിന്ന് എഫ്ബിഐ 5 ഹാൻഡ്‌ഗണുകൾ, ഒരു അസോൾട്ട് റൈഫിൾ, നൂറുകണക്കിന് റൗണ്ട് വെടിയുണ്ടകൾ, മാഗസിനുകൾ, 15,000 യുഎസ് ഡോളറിലധികം പണം എന്നിവ പിടിച്ചെടുത്തു. തട്ടിക്കൊണ്ടുപോകൽ, പീഡനം, തെറ്റായി തടങ്കലിൽ വയ്‌ക്കൽ, സാക്ഷിയെ ഭീഷണിപ്പെടുത്തൽ, സെമി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ചുള്ള ആക്രമണം, ക്രിമിനൽ ഭീഷണി എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തി എല്ലാ പ്രതികളെയും സാൻ ജോക്വിൻ കൗണ്ടി ജയിലിലേക്ക് അയച്ചു.