തിരുവനന്തപുരം : സെൻസർ ബോർഡുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങൾക്ക് ശേഷം ‘ജെ.എസ്.കെ’ എന്ന ചിത്രം ഈ മാസം 17-ന് റിലീസിനെത്തുന്നു. ‘ജാനകി വി. V/S സ്റ്റേറ്റ് ഓഫ് കേരള’ എന്ന പേരിലാണ് ചിത്രം പ്രദർശനത്തിനെത്തുക. സെൻസർ ബോർഡിന്റെ നിർദ്ദേശപ്രകാരം ചിത്രത്തിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു.സംവിധായകൻ ഉൾപ്പെടെയുള്ളവർ സാമൂഹ്യ മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റീ എഡിറ്റ് ചെയ്ത പതിപ്പാണ് പ്രദർശനത്തിന് എത്തുന്നത്. സിനിമയ്‌ക്ക് കഴിഞ്ഞദിവസം സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ചിരുന്നു.
സെൻസറിങ് നടപടികൾ പൂർത്തിയാക്കി U/A 16 സർട്ടിഫിക്കറ്റോടുകൂടിയാണ് ജെ.എസ്.കെ എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിലിൽ ‘ജാനകി’ എന്നത് ‘ജാനകി വി.’ എന്ന് മാറ്റാൻ സെൻസർ ബോർഡ് നിർദ്ദേശിച്ചിരുന്നു. ഇടവേളയ്‌ക്ക് മുൻപുള്ള പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള സംഭാഷണത്തിലെ രണ്ടരമിനിറ്റ് നീളുന്ന ഭാഗത്ത് ഏഴിടത്ത് ‘ജാനകി’ എന്ന പേര് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. മ്യൂട്ട് ചെയ്ത ഭാഗങ്ങൾ സിനിമയെ എത്രത്തോളം ബാധിക്കുമെന്ന് കണ്ടുനോക്കിയാലേ പറയാനാകൂവെന്ന് സംവിധായകൻ പ്രവീൺ നാരായണൻ പറഞ്ഞു
അതേസമയം, ജെ.എസ്.കെ സെൻസറിങ് കേസ് ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.