ശ്രീനഗർ: ജമ്മു കശ്മീരിലെ ബരാമുള്ളയിൽ ഭീകരാക്രമണങ്ങളിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകിക്കൊണ്ടുള്ള നിയമന കത്തുകൾ കൈമാറി കശ്മീർ ലെഫ്. ഗവർണർ മനോജ് സിൻഹ. രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കുന്നത് മാപ്പർഹിക്കാത്ത കുറ്റമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
“രാജ്യത്തിന്റെ ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെങ്കിലും, പ്രസംഗങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നവർ ശിക്ഷിക്കപ്പെടാതെ പോകുമെന്ന് അർത്ഥമാക്കുന്നില്ല. രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ആരെങ്കിലും തീവ്രവാദത്തെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചാൽ, അവർ അതിന് വില നൽകേണ്ടിവരും,” ലെഫ്. ഗവർണർ പറഞ്ഞു.
കശ്മീർ നിരവധി തവണ രക്തച്ചൊരിച്ചിൽ കണ്ടു. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനുശേഷം കശ്മീരിലെ ജനങ്ങൾ ഒറ്റക്കെട്ടായി ഹീനകൃത്യത്തെ അപലപിച്ചുവെന്നും ഭീകരതയെ പിന്തുണയ്‌ക്കുന്നത് ഉപേക്ഷിച്ച് അവർ പുരോഗതി, വിദ്യാഭ്യാസം, സമാധാനം, എന്നിവയുള്ള മെച്ചപ്പെട്ട ഒരു നാളെ സ്വപ്നം കാണുകയാണെന്നും മനോജ് സിൻഹ പറഞ്ഞു.
Handed over appointment letters to NoKs of terror victims in Baramulla. Sharing my speech.https://t.co/L6Kc6ligLg pic.twitter.com/7kA9gT5ZIT
— Office of LG J&K (@OfficeOfLGJandK) July 13, 2025
സമീപ ദിവസങ്ങളിൽ 193 ഭീകരവാദ ഇരകളുടെ പരാതികൾ പുറത്തുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു, അവയിൽ പലതും 1990 കളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജസ്റ്റിസ് ഗഞ്ചൂവിന്റെ കൊലപാതകവും വന്ധമ ഗന്ദർബാൽ കൂട്ടക്കൊലയും അദ്ദേഹം സൂചിപ്പിച്ചു.
“ഭീകരവാദ ഇരകളുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി ജില്ലകളിൽ ഹെൽപ്പ് ലൈനുകൾ ആരംഭിച്ചിട്ടുണ്ട്. 90 കളിൽ നിന്നും നൂറുകണക്കിന് പരാതികൾ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. പല കേസുകളിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല, ഭൂമി കൈയേറിയിട്ടുണ്ട്, സ്വത്തുക്കൾ തകർക്കപ്പെട്ടിട്ടുണ്ട്. കുറ്റവാളികളെ വെറുതെ വിടില്ലെന്ന് ഞാൻ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു,”അദ്ദേഹം പറഞ്ഞു.















