ന്യൂഡൽഹി: അഞ്ച് വർഷത്തിന് ശേഷം വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചൈനയിലേക്ക് യാത്ര തിരിച്ചു. 2020 ലെ ഗാൽവാൻ സംഘർഷത്തിന് ശേഷമുള്ള ആദ്യ സന്ദർശനമാണിത്. ഇന്നും നാളെയുമായി ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് (എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതിർത്തിയിലെ സ്ഥിതിഗതികൾ, ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കൽ, ഇന്ത്യ-പാക് സംഘർഷങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും.
ചൈനയുടെ എതിർപ്പിനെ വകവയ്‌ക്കാതെ ദലൈലാമയുടെ ജന്മദിനം ഇന്ത്യ ആഘോഷിക്കാൻ ഇരിക്കെയാണ് വിദേശകാര്യമന്ത്രി ബെയ്ജിങിൽ എത്തുന്നത്. കഴിഞ്ഞ ഒക്ടോബറിൽ യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്നും ഇരു രാജ്യങ്ങളും സൈനികരെ പിൻവലിച്ചതിന് പിന്നാലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ഉദ്യോഗസ്ഥ- മന്ത്രി തല ചർച്ചകൾ സജീവമാണ്.
കഴിഞ്ഞ മാസം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ചൈന സന്ദർശിച്ചിരുന്നു. ഷാങ്ഹായ് ഉച്ചകോടിൽ പങ്കെടുത്ത അദ്ദേഹം പഹൽഗാം ഭീകരാക്രണം പരാമർശിക്കാത്ത സംയുക്ത പ്രസ്താവയിൽ ഒപ്പുവയ്‌ക്കാൻ വിസമ്മതിച്ചിരുന്നു.
ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെ ഒമ്പത് സ്ഥിരാംഗങ്ങൾ ഉൾപ്പെടുന്ന ഒരു ബഹുരാഷ്‌ട്ര ഗ്രൂപ്പാണ് എസ്‌സിഒ. ചൈനയാണ് നിലവിൽ കൂട്ടായ്മയുടെ അദ്ധ്യക്ഷ സ്ഥാനത്തുള്ളത്.