ന്യൂഡൽഹി: ഏഴ് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ഇന്ത്യയുടെ ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് സൈന ഭർത്താവും ബാഡ്മിന്റൺ താരവുമായ പരുപ്പള്ളി കശ്യപുമായി വേർപിരിയാനുള്ള തീരുമാനം സ്ഥിരീകരിച്ചത്.
“ജീവിതം ചിലപ്പോൾ നമ്മളെ വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകും. വളരെയധികം ആലോചിച്ചതിനും എടുത്ത തീരുമാനമാണിത്. കശ്യപ് പരുപ്പള്ളിയും ഞാനും വേർപിരിയാൻ തീരുമാനിച്ചു. ഞങ്ങൾ സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കുകയാണ്. ഇതുവരെയുള്ള ഓർമകളോട് ഞാൻ നന്ദിയുള്ളവളാണ്. മുന്നോട്ടുള്ള യാത്രയിൽ ഈ തീരുമാനം ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,” സൈന തന്റെ പോസ്റ്റിൽ എഴുതി.
ഇന്ത്യയിലെ ഏറ്റവും പ്രമുഖ ബാഡ്മിന്റൺ താരങ്ങളിൽ ഒരാളാണ് സൈനയും കശ്യപും, ടൂർണമെന്റുകളിൽ പരസ്പരം പിന്തുണയ്‌ക്കുകയും പ്രൊഫഷണൽ നേട്ടങ്ങളെ ഒരുമിച്ച് ആഘോഷിക്കുകയും ചെയ്യുന്നത് പലപ്പോഴും സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. മുൻ ലോക ഒന്നാം നമ്പർ താരവും ഒളിമ്പിക് വെങ്കല മെഡൽ ജേതാവുമായ സൈന നെഹ്‌വാൾ, കായികരംഗത്ത് ഇന്ത്യൻ വനിതകൾക്ക് ഒരു വഴികാട്ടിയാണ്. ഒളിമ്പിക്‌സ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്‌ട്ര ടൂർണമെന്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കശ്യപ് പരുപ്പള്ളിക്കും ഒരു മികച്ച കരിയർ ഉണ്ട്. നീണ്ടകാലത്തെ പ്രണയത്തിന് ശേഷം 2018 ലാണ് ഇരുവരും വിവാഹിതരായത്.















