ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണിന്റെ പരീക്ഷണ നിര്‍മ്മാണം ആരംഭിക്കുന്നതിന്റെ സൂചനയായി, ഐഫോണ്‍ 17 നുള്ള നിര്‍ണായക ഘടകങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ ആരംഭിച്ചിരിക്കുകയാണ് ഫോക്സ്‌കോണ്‍. സെപ്റ്റംബറില്‍ ആപ്പിള്‍ ഐഫോണ്‍ 17 പുറത്തിറക്കാന്‍ ലക്ഷ്യമിടുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്നത് ശ്രദ്ധേയം.
ആഗോള ഉല്‍പ്പാദന ശൃംഖലയില്‍ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പായി ഇത് മാറുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
ഡിസ്‌പ്ലേ അസംബ്ലീസ്, റിയല്‍ കാമറ മൊഡ്യൂള്‍സ് തുടങ്ങിയ പ്രധാന ഭാഗങ്ങളെല്ലാം ഇറക്കുമതി ചെയ്തിട്ടുണ്ട്. പരീക്ഷണ നിര്‍മാണത്തിനാണിത്. പൂര്‍ണതോതിലുള്ള നിര്‍മാണം ഓഗസ്റ്റിലായിരിക്കും ആരംഭിക്കുക. ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഫോക്‌സ്‌കോണിന്റെ ഇറക്കുമതിയില്‍ 10 ശതമാനവും ഐഫോണ്‍ 17 ഘടകങ്ങളാണ്. ആപ്പിളിന്റെ കോണ്‍ട്രാക്റ്റ് മാനുഫാക്ച്ചററായ ഫോക്‌സ്‌കോണ്‍ പ്രധാന ഐഫോണ്‍ നിര്‍മാണ കമ്പനികളിലൊന്നാണ്.