ലക്നൗ: ഗുണ്ട സംഘത്തിലെ ഷാർപ്പ് ഷൂട്ടർ യുപി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സഞ്ജീവ് ജീവ സംഘത്തിലെ പ്രധാനി ഷാരൂഖ് പത്താനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ തലയ്ക്ക് യുപി പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
തിങ്കളാഴ്ച മുസാഫർനഗർ ജില്ലയിലെ ചാപ്പറയിലാണ് സംഭവം. ഒളിസങ്കേതത്തെ കുറിച്ചുള്ള രഹസ്യ വിവരത്തെ തുടർന്നാണ് മീററ്റ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പ്രദേശത്തെത്തിയത്. വീട് വളഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ ഷാരൂഖ് വെടിയുതിർത്തു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഷാരൂഖ് കൊല്ലപ്പെട്ടത്. സ്ഥലത്ത് നിന്ന് നിരവധി തോക്കുകളും മാരകായുധങ്ങളും കണ്ടെടുത്തു.
യുപി പൊലീസിന് സ്ഥിരം തലവേദന സൃഷ്ടിച്ച ഇയാൾ മുസാഫർനഗറിലെ ഖലാപർ സ്വദേശിയാണ്. 2015 ലാണ് ആദ്യ കൊലപാതകം. ഈ കേസിൽ അറസ്റ്റിലായെങ്കിലും 2016-ൽ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. 2017-ൽ കമ്പിളി വ്യാപാരിയായ ഗോൾഡി, അതേ വർഷം തന്നെ ആദ്യ കൊലപാതക കേസിൽ സാക്ഷി എന്നിവരെ ഷാരൂഖ് കൊലപ്പെടുത്തി. ഗോൾഡി കൊലപാതക കേസിൽ സഞ്ജീവ് ജീവയ്ക്കൊപ്പം ഷാരൂഖിനും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചെങ്കിലും ജാമ്യത്തിൽ പുറത്തിറങ്ങി ഒളിവിൽ പോയി.
കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, മോഷണം, ഗുണ്ടാസംഘവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, നിയമവിരുദ്ധമായി തോക്കുകൾ കൈവശം വയ്ക്കൽ , കൊലപാതകശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഷാരൂഖ്.















