ന്യൂഡൽഹി: സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ നിരോധനം തുടരുന്നത് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. 2024 ജൂലൈ 24 ലെ ട്രൈബ്യൂണലിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജി പരിഗണിക്കാൻ ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് വിസമ്മതിച്ചു. സിമി മുൻ അംഗം ഹുമാം അഹമ്മദ് സിദ്ദിഖിയാണ് ഹർജിക്കാരൻ.
2024 ജനുവരി 29-ന് സിമിയുടെ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. 1967-ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം പ്രകാരമാണ് നടപടി. 2001-ൽ അടൽ ബിഹാരി വാജ്‌പേയി സർക്കാരിന്റെ കാലത്താണ് സിമിക്ക് നിരോധനം ഏർപ്പെടുത്തിയത്. പിന്നീട് ഈ നിരോധനം നീട്ടിക്കൊണ്ടു പോകുകയായിരുന്നു. യുഎസിലെ 9/11 ഭീകരാക്രമണത്തിന് പിന്നാലെ അൽഖായ്ദയുമായി സംഘടനയ്‌ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
1977 ഏപ്രിൽ 25 ന് അലിഗഡ് മുസ്ലീം സർവകലാശാല കേന്ദ്രീകരിച്ചാണ് ഭീകരസംഘടന രൂപീകരിച്ചത്. ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുക, ജിഹാദിലൂടെ ഇന്ത്യയിലെ അമുസ്ലിങ്ങളെ പരിവർത്തനം ചെയ്യുക എന്നതുമായിരുന്നു സിമിയുടെ പ്രഖ്യാപിതലക്ഷ്യങ്ങൾ. 2008 ലെ ബെംഗളുരു സ്‌ഫോടന പരമ്പര, 2008 ലെ അഹ്മദാബാദ് സ്ഫോടന പരമ്പര എന്നിവ ആസൂത്രണം ചെയ്തത് ‘സിമി’യുടെ പുതിയ രൂപമായ ഇന്ത്യൻ മുജാഹിദീൻ എന്ന സംഘടനയാണെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.