ചെന്നൈ: അനുവാദമില്ലാതെ തന്റെ ഗാനം ഉപയോഗിച്ചതിന് മിസ്സിസ് ആൻഡ് മിസ്റ്റർ സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ഇളയരാജയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി. കേസ് പരിഗണിച്ച ജസ്റ്റിസ് സെന്തിൽ കുമാർ രാമമൂർത്തിയുടേതാണ് നടപടി. സിനിമയ്‌ക്കെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, ചിത്രം നിർമിച്ച വനിത ഫിലിം പ്രൊഡക്ഷൻ ഹൗസിന് നോട്ടീസ് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹർജിയിൽ ഒരാഴ്ചയ്‌ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും പകർപ്പവകാശവുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി.
വനിത വിജയകുമാർ സംവിധാനം ചെയ്ത ‘മിസ്സിസ് ആൻഡ് മിസ്റ്റർ’ എന്ന ചിത്രത്തിനെതിരെയാണ് ഇളയരാജ രംഗത്തുവന്നത്. കമൽഹാസൻ അഭിനയിച്ച ‘മൈക്കിൾ മദന കാമ രാജൻ’ എന്ന സിനിമയിലെ ‘ശിവരാത്രി’ ഗാനമാണ് മിസ്സിസ് ആൻഡ് മിസ്റ്ററിൽ ഉപയോഗിച്ചത്. തന്റെ അനുമതി വാങ്ങാതെയും വളരെ മോശമായ രീതിയിലുമാണ് ഗാനം ഉപയോഗിച്ചതെന്നും ഇളയരാജ ആരോപിക്കുന്നുണ്ട്.















