ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ റെക്കോഡുകള്‍ തകര്‍ത്ത് കുതിപ്പ് തുടരുന്നു. 1,22,490 ഡോളറാണ് ഒരു ബിറ്റ്‌കോയിന്റെ തിങ്കളാഴ്ചത്തെ ഉയര്‍ന്ന വില, ഏകദേശം 1,05,32,778 രൂപ. ഡിസംബറിന് ശേഷം 30% കുതിപ്പാണ് ബിറ്റ്‌കോയിന്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്.
ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ (ഇടിഎഫ്) അടക്കം വന്‍ നിക്ഷേപമാണ് നടന്നുകൊണ്ടിരിക്കുന്നത്. വമ്പന്‍ നിക്ഷേപ സ്ഥാപനങ്ങള്‍ ബിറ്റ്‌കോയിനില്‍ ഉയര്‍ന്ന താല്‍പ്പര്യം കാണിക്കുന്നുണ്ട്.
യുഎസില്‍ ‘ക്രിപ്‌റ്റോ വീക്ക്’
യുഎസിലെ ‘ക്രിപ്‌റ്റോ ആഴ്ച’യാണ് ബിറ്റ്‌കോയിന്‍ വില പറപറക്കാന്‍ ഒരു കാരണം. ക്രിപ്‌റ്റോകറന്‍സികള്‍ നിയമപരമാക്കുന്നത് സംബന്ധിച്ച് യുഎസ് കോണ്‍ഗ്രസ് ഈയാഴ്ച ചര്‍ച്ച നടത്താനിരിക്കുകയാണ്. ക്രിപ്‌റ്റോകറന്‍സികള്‍ ഔദ്യോഗികമാക്കുമെന്ന് പ്രസിഡന്റ് ട്രംപ് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ആരാണ് ആ അജ്ഞാത ശതകോടീശ്വരന്‍
ബിറ്റ്‌കോയിന്റെ കുതിപ്പ് 2008 ല്‍ ഈ ആസ്തി കണ്ടെത്തിയ അജ്ഞാത വ്യക്തിയെ ലോകത്തെ പന്ത്രണ്ടാമത്തെ ധനികനാക്കി മാറ്റിയിട്ടുണ്ട്. സതോഷി നകാമോട്ടോ എന്ന വ്യക്തിയാണ് ബിറ്റ്‌കോയിന്‍ കണ്ടെത്തിയതെന്നാണ് പറയപ്പെടുന്നത്. ആരാണ് ഈ ഐഡന്റിറ്റിക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്നതെന്ന് ഇന്നും ലോകത്തിന് അറിയില്ല. അത് ചിലപ്പോള്‍ ഒരു വ്യക്തിയാവാം, അല്ലെങ്കില്‍ ഒരു കൂട്ടം ആളുകള്‍.
ഏതായാലും 134 ബില്യണ്‍ ഡോളറാണ് നകാമോട്ടോയുടെ ഇപ്പോഴത്തെ ആസ്തി. 137 ബില്യണ്‍ ആസ്തിയുള്ള ഡെല്‍ ടെക്‌നോളജീസിന്റെ സിഇഒ മൈക്കല്‍ ഡെല്ലിന്‌റെ തൊട്ടു താഴെ. 124 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബില്‍ ഗേറ്റ്‌സിന് മുകളില്‍. 1.1 ദശലക്ഷം ബിറ്റ്‌കോയിനുകളാണ് നകാമോട്ടോയുടെ പക്കലുള്ളത്.