ന്യൂഡൽഹി: മതപരിവർത്തന റാക്കറ്റിന്റെ സൂത്രധാരൻ ജലാലുദ്ദീൻ എന്ന ചങ്കൂർ ബാബയ്‌ക്ക് ഗുണ്ടാസംഘാംഗം അതിഖ് അഹമ്മദുമായി അടുത്തബന്ധമുണ്ടെന്ന് വിവരം. ചങ്കൂർ ബാബ അതിഖ് അഹമ്മദിന്റെ സഹായിയായിരുന്നുവെന്നും ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും മുൻ ബിജെപി എം പി ദദ്ദൻ മിശ്ര പറഞ്ഞു.
ചങ്കൂർ ബാബ നിരവധി തവണ ശ്രാവഷ്ടിയിൽ സന്ദർശനം നടത്തിയിട്ടുണ്ട്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള മാദ്ധ്യമമായി മതത്തെ അയാൾ ഉപയോഗിച്ചു. ഇത്തരം രാഷ്‌ട്രീയ തന്ത്രങ്ങൾ സമൂഹത്തിന്റെ ഐക്യത്തിന് ദോഷവും ക്രമസമാധാനത്തിന് ഭീഷണിയുമാണ്. നിരവധി രാഷ്‌ട്രീയക്കാരും ക്രിമിനൽ കേസ് പ്രതികളുമായും ചങ്കൂർ ബാബയ്‌ക്ക് ബന്ധമുണ്ടായിരുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യമാണെന്നും ദദ്ദൻ മിശ്ര പറഞ്ഞു.
ചങ്കൂർ ബാബയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. ഹിന്ദു സ്ത്രീകളെയും യുവതികളെയും ലക്ഷ്യമിട്ട് ചങ്കൂർ ബാബയും സംഘവും പ്രവർത്തിച്ചിരുന്നതെന്നും മതപരിവർത്തന റാക്കറ്റിന്റെ സൂത്രധാരനായിരുന്നു ഇയാളെന്നും അന്വേഷണസംഘം കണ്ടെത്തി.
ഹിന്ദു യുവതികളെ പ്രണയംനടിച്ച് വശത്താക്കുന്നതിനായി 1,000-ലധികം മുസ്ലീം യുവാക്കൾക്ക് ചങ്കൂർ ബാബ ധനസഹായം നൽകിയിരുന്നു. യുവതികളുമായി ബന്ധം സ്ഥാപിച്ച ശേഷം മതപരിവർത്തനത്തിന് നിർബന്ധിക്കുകയും മതം മാറ്റുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതി. ഇതിനായി വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ വൻ തോതിൽ ഇവർക്ക് പണം ലഭിച്ചിരുന്നതായാണ് കണ്ടെത്തൽ.















