ബഹിരാകാശനിലയത്തിലെ 18 ദിവസത്തെ ദൗത്യത്തിന് ശേഷം ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് തിരിച്ചു. ബഹിരാകാശ നിലയത്തിൽ നിന്നും ഡ്രാഗൺ പേടകം വേർപെട്ടു. 22 മണിക്കൂർ നീണ്ട യാത്രയ്‌ക്ക് ശേഷം പേടകം നാളെ ഭൂമിയിലെത്തും. പേടകം ഓർബിറ്റൽ ലബോറട്ടറിയിൽ നിന്നും അൺഡോക്ക് ചെയ്തതായി നാസ അറിയിച്ചു.
ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിക്ക് കാലിഫോർണിയ തീരത്ത് സ്ലാഷ്ഡൗൺ ചെയ്യും. അൺഡോക്ക് ചെയ്ത് ശുഭാംശുവും സംഘവും പേടകത്തിലേക്ക് പ്രവേശിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കാലാവസ്ഥയിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ സ്പ്ലാഷ്ഡൗൺ ചെയ്യുന്ന സമയക്രമത്തിൽ വ്യത്യാസംവരും.
ഭൂമിയിലെത്തിയ ശേഷം പ്രത്യേക ആരോഗ്യ ശുശ്രൂഷകൾ നൽകും. മൈക്രോഗ്രാവിറ്റിയിൽ താമസിച്ചിരുന്നതിനാൽ ഭൂമിയിലെ ഗുരുതാകർഷണവുമായി പൊരുത്തപ്പെടാൻ കുറച്ചധികം സമയമെടുത്തേക്കും. അതിനാൽ ഏഴ് ദിവസത്തേക്ക് പ്രത്യേക പരിശീലനം നൽകും. ബഹിരാകാശ നിലയത്തിൽ 230 സൂര്യോദയങ്ങൾക്ക് സംഘം സാക്ഷ്യംവഹിച്ചു. 60 പരീക്ഷണങ്ങളാണ് ശുഭാംശുവും സംഘവും നടത്തിയത്. ഓർബിറ്റിൽ ലബോറട്ടറിയിൽ 100 ലക്ഷം കിലോമീറ്റർ സഞ്ചരിക്കുകയും ചെയ്തു. ബഹിരാകാശത്ത് ശുഭാംശു ഉലുവയും ചെറുപയറും മുളപ്പിച്ചിരുന്നു.
ജൂൺ 25-നാണ് സംഘം ബഹിരാകാശനിലയത്തിലേക്ക് യാത്ര ആരംഭിച്ചത്. ശുഭാംശുവിനൊപ്പം നാസയുടെ മുതിർന്ന ബഹിരാകാശയാത്രികൻ പെഗ്ഗി വിറ്റ്‌സൺ, ഹംഗറി സ്വദേശി ടിബോർ കാപു, പോളണ്ടില്‍ നിന്നുള്ള സ്ലാവോസ് ഉസ്‌നാൻസ്‌കി എന്നിവരാണ് ദൗത്യത്തിന്‍റെ ഭാഗമായത്.