അഹമ്മദാബാദ്: എയർഇന്ത്യ വിമാനാപകടത്തിൽ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഏവിയേഷൻ (DGCA) ഉത്തരവിട്ടു. എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികൾ നടത്തുന്ന ഡ്രീംലൈനറുകൾ ഉൾപ്പെടെ ബോയിംഗ് വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കണമെന്ന് ഡിജിസിഎ അറിയിച്ചു. പരിശോധനകൾ പൂർത്തിയാക്കി ജൂലൈ 21-നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
അപകടസമയത്ത് ഇന്ധനനിയന്ത്രണ സ്വിച്ച് ഓഫായിയെന്ന റിപ്പോർട്ടിന് പിന്നാലെയാണിത്. സ്വിച്ചുകൾ ഓഫായതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് വിശദമായ അന്വേഷണത്തിന് ഡിജിസിഎ ഒരുങ്ങുന്നത്. നിലവിൽ വിവിധ വിമാനക്കമ്പനികളുടെ ഓപ്പറേറ്റർമാർ പരിശോധന ആരംഭിച്ചുകഴിഞ്ഞു.
തകരാറിലായ വിമാനങ്ങളുടെ എല്ലാ എയർലൈൻ ഓപ്പറേറ്റർമാരും പരിശോധന പൂർത്തിയാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ബോയിംഗിന്റെ 737, 747, 757, 767, 777, 787 എന്നിവയും പഴയ മോഡലുകളായ 717, 727 എന്നിവയും പരിശോധിക്കും.















