ഹൈദരാബാദ്: ഏഴ് വർഷമായി പൂട്ടിയിട്ടിരുന്ന വീടിനുള്ളിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ഹൈദരാബാദിലെ നമ്പള്ളിയിലാണ് സംഭവം. പൂട്ടിയിട്ടിരുന്ന ഒരു വീടിന് സമീപത്തായി ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാവാണ് മനുഷ്യന്റെ അസ്ഥി കണ്ടെത്തിയത്. കളിക്കുന്നതിനിടെ ബോൾ അബദ്ധത്തിൽ വീടുനുള്ളിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ബോൾ അന്വേഷിക്കുന്നതിനിടെയാണ് അസ്ഥികൾ കണ്ടത്.
അസ്ഥികൾ കിടക്കുന്നതിന്റെ വീഡിയോ യുവാവ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. വീടിന്റെ അടുക്കളഭാഗത്തായാണ് അസ്ഥികൾ കണ്ടത്. അസ്ഥികളുടെ സമീപത്തായി പാത്രങ്ങളും മറ്റ് വസ്തുക്കളും കിടക്കുന്നുണ്ട്. യുവാവ് പങ്കുവച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറാലയതോടെ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.
ഏഴ് വർഷമായി പൂട്ടിക്കിടക്കുന്ന വീടായതിനാൽ കേസന്വേഷണം ഏറെ സങ്കീർമാണ്. കൂടുതൽ പരിശോധനകൾക്കായി അസ്ഥികളുടെ സാമ്പിളുകൾ ഫോറൻസിക് സംഘം ശേഖരിച്ചിട്ടുണ്ട്. വീടിന്റെ ഉടമസ്ഥൻ വർഷങ്ങളായി വിദേശത്താണ് താമസിക്കുന്നത്. മുനീർ ഖാൻ എന്ന വ്യക്തിയുടേതാണ് വീട്. ഇയാളുടെ മക്കളിൽ ഒരാൾ ഈ വീട്ടിലാണ് താമസിച്ചിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
സ്വാഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനമെന്നും ഡിഎൻഎ പരിശോധനകൾക്ക് ശേഷം മാത്രമേ മൃതദേഹം തിരിച്ചറിയാൻ സാധിക്കൂവെന്നും പൊലീസ് അറിയിച്ചു.