ലോകത്തിലെ ഏറ്റവും പ്രായം കൂടി മാരത്തോൺ റണ്ണർ റോഡപകടത്തിൽ മരിച്ചു. ‘ദി ടർബൻഡ് ടൊർണാഡോ’ എന്നറിയപ്പെടുന്ന ഫൗജ സിംഗാണ് മരിച്ചത്. 114 വയസായിരുന്നു. പഞ്ചാബ് ജലന്ധർ സ്വദേശിയാണ്.
തിങ്കളാഴ്ച ഉച്ചയ്‌ക്ക് ജലന്ധർ-പത്താൻകോട്ട് ഹൈവേയിലായിരുന്നു അപകടം. റോഡരികിലൂടെ നടന്നു പോകുകയായിരുന്ന അദ്ദേഹത്തെ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഫൗജയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.
1911 ഏപ്രിൽ 1 ന് പഞ്ചാബിലെ ജലന്ധർ ജില്ലയിലെ ബിയാസ് പിന്റിലാണ് ഫൗജ സിംഗ് ജനിച്ചത്. 90ാം വയസ്സിലാണ് അദ്ദേഹം ആദ്യ അന്താരാഷ്‌ട്ര മാരത്തണിൽ പങ്കെടുത്തത്. 93ാം വയസിലാണ് ലണ്ടൻ മാരത്തൺ പൂർത്തിയാക്കിയത്. 2011-ൽ പ്രായം 100 എത്തി നിൽക്കുമ്പോഴാണ് അദ്ദേഹം ടൊറന്റോ മാരത്തൺ പൂർത്തിയാക്കി ലോക റെക്കോർഡ് സൃഷ്ടിച്ചത്. ‘ടർബൻഡ് ടൊർണാഡോ’ എന്ന പേരിലാണ് അദ്ദേഹം പ്രശസ്തനായത്. അദ്ദേഹത്തിന്റെ ജീവചരിത്രത്തിന്റെ തലക്കെട്ടും ഇതാണ്.
പഞ്ചാബ് സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർ ഖുശ്വന്ത് സിംഗാണ് ഫൗജ സിംഗിന്റെ വിയോഗം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.പഞ്ചാബ് ഗവർണറും ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്ററുമായ ഗുലാബ് ചന്ദ് കതാരിയയും ഫൗജ സിങ്ങിന് അനുശോചനം രേഖപ്പെടുത്തി.