നഗരത്തിന്റെ ഉച്ചയും ബഹളവുമൊന്നുമില്ലാതെ കാട്ടിനുള്ളിൽ അപകടംനിറഞ്ഞ ഗുഹയിൽ പെൺമക്കളോടൊപ്പം താമസിച്ചുവന്ന റഷ്യൻ യുവതിയുടെ വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഏവരെയും അതിശയിപ്പിക്കുന്നതായിരുന്നു ഗുഹയ്‌ക്കുള്ളിലെ മൂവരുടെയും താമസം. കർണാടകയിലെ ഗോകർണ രാമതീർത്ഥ കുന്നുകളിലെ ഗുഹയ്‌ക്കുള്ളിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. വിസ കാലാവധി കഴിഞ്ഞും റഷ്യയിലേക്ക് തിരികെ മടങ്ങാതെ ഇന്ത്യയിൽ തന്നെ തുടരുകയായിരുന്നു യുവതിയും മക്കളും. പൊലീസ് പട്രോളിംഗിനിടെയാണ് ഇവരെ കണ്ടെത്തിയത്. ഇത്രയും അപകടം നിറഞ്ഞ കാട്ടിനുള്ളിൽ കൊച്ചുകുട്ടികളോടൊപ്പം എങ്ങനെ താമസിച്ചുവെന്നത് പൊലീസിനെയും അത്ഭുതപ്പെടുത്തി. ഇപ്പോഴിതാ കാട്ടിനുള്ളിൽ താമസിച്ചതിന്റെ അനുഭവങ്ങൾ മാദ്ധ്യമങ്ങളുമായി പങ്കുവക്കുകയാണ് നിന കുടിന.
ഗുഹയ്‌ക്കുള്ളിൽ താമസിച്ചിരുന്നപ്പോൾ തനിക്കോ കുട്ടികൾക്കോ യാതൊരു അപകടവും ഉണ്ടായിട്ടില്ലെന്ന് നിന കുടിന പറഞ്ഞു. പ്രകൃതിയിൽ ഇണങ്ങി ജീവിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. മരിക്കാൻ വേണ്ടിയല്ല, ഞാൻ കുട്ടികളോടൊപ്പം കാട്ടിനുള്ളിലേക്ക് വന്നത്. കുട്ടികൾ വളരെയധികം സന്തോഷത്തോടെയാണ് ഇവിടെ ജീവിച്ചത്. ഞങ്ങൾ താമസിച്ചിരുന്നത് ജനവാസമേഖലയിൽ നിന്നും അകലെയായിരുന്നില്ല. അതിനാൽ അധികം ബുദ്ധിമുട്ടുകൾ തോന്നിയിട്ടില്ല.
വളരെ മനോഹരമായിരുന്നു കാട്ടിനുള്ളിലെ താമസം. ഞങ്ങൾ വെള്ളച്ചാട്ടത്തിലാണ് കുളിച്ചിരുന്നത്. കുട്ടികൾക്ക് വേണ്ടി ആഹാരം പാകം ചെയ്തിരുന്നു. ഗുഹയിലെ ഞങ്ങളുടെ ജീവിതം അപകടകരമാണെന്ന് തോന്നിയിട്ടില്ല. 2016-ൽ ബിസിനസ് വിസയിലാണ് ഇന്ത്യയിലെത്തിയതെന്നും നിന കുടിന പറഞ്ഞു.
മണ്ണിടിച്ചിലിനെ തുടർന്ന് നടത്തിയ പട്രോളിംഗിനിടെയാണ് യുവതിയെയും കുടുംബത്തെയും ഗുഹയ്‌ക്കുള്ളിൽ നിന്നും കണ്ടെത്തിയത്. യുവതി ഉണങ്ങാനിട്ട വസ്ത്രങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു.















