തിരുവനന്തപുരം: വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ മലയാളികൾക്ക് വീണ്ടും ഇരുട്ടടി. പാൽവില കൂട്ടാൻ മിൽമയും തയ്യാറെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട യോഗം തിരുവനന്തപുരം പട്ടത്തെ ഹെഡ് ഓഫീസിൽ ഉടൻ ആരംഭിക്കും. മേഖല യൂണിയനുകളിലെ ചെയർമാൻമാരും എംഡിമാരും പങ്കെടുക്കും. ലിറ്ററിന് നാല് രൂപ വരെ വർദ്ധിപ്പിക്കുമെന്നാണ് സൂചന.
ലിറ്ററിന് 10 രൂപ വർദ്ധിപ്പിക്കണമെന്നാണ് എറണാകുളം യൂണിയൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഉൽപ്പാദനത്തിന് അനുസരിച്ചുള്ള ആനുപാതിക വിലക്കയറ്റം എന്ന നിർദ്ദേശമാണ് തിരുവനന്തപുരം ശിപാർശ ചെയ്തത്. എന്നാൽ വിലക്കയറ്റം വേണ്ടെന്നാണ് മലബാർ യൂണിയന്റെ നിലപാട്.
സംസ്ഥാനത്ത് സാധാണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുകയാണ്, ഒരു വർഷത്തിനിടെ വെളിച്ചെണ്ണ വില മൂന്നിരട്ടിയാണ് കുതിച്ചുയർന്നത്. 470 രൂപയാണ് ഒരു ലിറ്റർ വെളിച്ചെണ്ണയുടെ ചില്ലറ വില. തേങ്ങയ്‌ക്ക് വില കൂടിയതോടെയാണ് വെളിച്ചെണ്ണ വില കുതിച്ചുയർന്നത്. സപ്ലൈകോയിലും മാവേലി സ്റ്റോറിലും വെളിച്ചെണ്ണ എത്തിയിട്ട് മാസങ്ങളായി. അതുപോലെ പൊതുവിപണിയിൽ അരി വിലയും കുതിച്ചു കയറുകയാണ്.