ശിവമോഗ: രാജ്യത്തെ രണ്ടാമത്തെ ഏറ്റവും നീളമുള്ള കേബിൾ പാലം ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ചെയ്തു. ശരാവതി കായലിനു കുറുകെയുള്ള കലസവള്ളി-അമ്പർഗൊണ്ട്ലു പാലത്തിന് 2.4 കിലോമീറ്റർ നീളമാണുള്ളത്. സംസ്ഥാനത്തെ ഏറ്റവും നീളമേറിയതും രാജ്യത്തെ രണ്ടാമത്തെ നീളമുള്ളതുമായ കേബിൾ-സ്റ്റേഡ് പാലമാണിത്.
472 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലം, സാഗർ, ഹൊസനഗര താലൂക്കുകളിലെ നിരവധി ഗ്രാമങ്ങളിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തുകയും സിഗന്ദൂർ ചൗഡേശ്വരി ക്ഷേത്രം, കൊല്ലൂർ മൂകാംബികേ ക്ഷേത്രം തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുകയും ചെയ്യും. മുൻപ് കായൽ മുറിച്ചുകടക്കാൻ യാത്രക്കാർക്ക് പകൽ സമയം മാത്രം പ്രവർത്തിക്കുന്ന ഒരു ബാർജ് സർവീസിനെയാണ് ജനങ്ങൾ ആശ്രയിച്ചിരുന്നത്.
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) 2019 മാർച്ചിലാണ് പാലം പദ്ധതിക്ക് അനുമതി നൽകിയത്. അതേ വർഷം ഡിസംബറിൽ നിർമ്മാണം ആരംഭിച്ചു. മധ്യപ്രദേശിലെ ദിലീപ് ബിൽഡ്കോൺ ലിമിറ്റഡാണ് ഈ പദ്ധതി നടപ്പിലാക്കിയത്, കൂടാതെ MoRTH ഇന്ത്യയിൽ അംഗീകരിച്ച എട്ടാമത്തെ എക്സ്ട്രാ ഡോസ്ഡ് കേബിൾ-സ്റ്റേ കം-ബാലൻസ്ഡ് കാന്റിലിവർ പാലമാണിത്.
പാലം ജനങ്ങളുടെ യാത്രാ സമയം ഗണ്യമായി കുറയ്‌ക്കുന്നതിനൊപ്പം മേഖലയിലെ ഗതാഗത കുരുക്ക് കുറയ്‌ക്കുകയും പ്രാദേശിക വിനോദസഞ്ചാരവും സാമ്പത്തിക പ്രവർത്തനങ്ങളും വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.