മലപ്പുറം: ഓട്ടിസം ബാധിച്ച ആറുവയസുകാരനെ ക്രൂര മർദ്ദനത്തിനിരയാക്കിയ കേസിൽ രണ്ടാനമ്മ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. കുട്ടിക്ക് ഭക്ഷണം നിഷേധിക്കുകയും പൊള്ളലേല്പിക്കുകയും ചെയ്തതിനാണ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അദ്ധ്യാപിക കൂടിയായ രണ്ടാനമ്മയെ അറസ്റ്റ് ചെയ്തത്.
പെരിന്തൽമണ്ണ പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിന് പിന്നാലെ രണ്ടാനമ്മ ഒളിവിൽ പോയിരുന്നു. വടപുറം സ്വദേശിനിയായ പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിന് ഇവരുടെ പിതാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറുവയസ്സുകാരനെ പട്ടിണിക്കിട്ട് പീഡിപ്പിച്ചു, പപ്പടക്കോൽ കൊണ്ട് പൊള്ളിച്ചു എന്നിവയാണ് രണ്ടാനമ്മയ്‌ക്ക് മേൽ ചുമത്തിയ കുറ്റങ്ങൾ.
കുഞ്ഞിന് ഒന്നര വയസുള്ളപ്പോൾ സ്വന്തം ‘അമ്മ മരിച്ചിരുന്നു. അച്ഛന് വിദേശത്ത് ജോലി ആയതിനാൽ, കുട്ടി രണ്ടാനമ്മയ്‌ക്കൊപ്പമായിരുന്നു താമസം. ജൂലൈ നാലിന് അമ്മയുടെ അച്ഛൻ കുഞ്ഞിനെ സ്കൂളിൽ കാണാനെത്തിയപ്പോഴാണ് ശരീരത്തിൽ പരിക്കുകൾ ശ്രദ്ധിച്ചത്. പിന്നാലെ ചൈൽഡ് ലൈനിൽ ഉൾപ്പെടെ പരാതി നൽകി. അന്വേഷണത്തിൽ കുട്ടി മർദനത്തിനും മറ്റും ഇരയായതായി കണ്ടെത്തുകയും, നിയമനടപടികൾ തുടരാൻ ചൈൽഡ് ലൈൻ പെരിന്തൽമണ്ണ പൊലീസിന് റിപ്പോർട്ട് കൈമാറുകയും ചെയ്തു.