ന്യൂഡൽഹി: സമൂസ, ജിലേബി, ലഡ്ഡു തുടങ്ങിയ ഇന്ത്യൻ ലഘുഭക്ഷണങ്ങളിലും മധുരപലഹാരങ്ങളിലും മുന്നറിയിപ്പ് ലേബലുകൾ പതിക്കാൻ കേന്ദ്ര ആരോഗ്യവകുപ്പ് നിർദേശിച്ചുവെന്ന വാർത്ത നിഷേധിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോ. ഇത്തരം മുന്നറിയിപ്പുകൾ നൽകാൻ വില്പനക്കാരോട് നിർദ്ദേശിച്ചിട്ടില്ലെന്ന് പിഐബിയുടെ പ്രസ്താവനയിൽ വ്യക്തമാക്കി. ഇത് സംബന്ധിച്ച ചില മാധ്യമ റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പിഐബി പറഞ്ഞു.
“സമൂസ, ജിലേബി, ലഡു തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ മുന്നറിയിപ്പ് ലേബലുകൾ പുറത്തിറക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചതായി ചില മാധ്യമ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്, ഇവ തെറ്റാണ്,”
അതേസമയം “ഏതെങ്കിലും പ്രത്യേക ഭക്ഷ്യ ഉൽപന്നങ്ങളെക്കുറിച്ചല്ല, മറിച്ച് എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളിലും ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിനെയും അധിക പഞ്ചസാരയെയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുള്ള ശ്രമം” എന്ന നിലയിലാണ് സർക്കാരിന്റെ ഈ തീരുമാനത്തെ പിഐബി വിശേഷിപ്പിച്ചത്.
“ജോലിസ്ഥലങ്ങളിലെ ആരോഗ്യകരമായ ഓപ്ഷനുകൾക്കു വേണ്ടിയുള്ളതാണ് ഈ ഉപദേശം, ആരോഗ്യകരമായ ഭക്ഷണത്തിനും ജീവിതത്തിനും വേണ്ടി അധിക എണ്ണയും പഞ്ചസാരയും കുറയ്‌ക്കുന്നതിന് ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്തണമെന്നാണ് മന്ത്രാലയത്തിന്റെ പൊതുഉപദേശം പറഞ്ഞുവെക്കുന്നത്. എന്നാൽ ഇത് ഇന്ത്യയുടെ സമ്പന്നമായ സ്ട്രീറ്റ് ഫുഡ് സംസ്കാരത്തെ ലക്ഷ്യമിടുന്നില്ല,” പിഐബി പ്രസ്താവനയിൽ പറയുന്നു.