ന്യൂഡെല്‍ഹി: ഒന്‍പത് വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യ നിസംശയം ഒരു ആഗോള സൂപ്പര്‍സ്റ്റാറിനെ ഉണ്ടാക്കിയെടുത്തിരിക്കുന്നു. തത്സമയ ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ ആഗോള മാനദണ്ഡമായി മാറാന്‍ ഇന്ത്യയുടെ യുപിഐ (യുണൈറ്റഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) ഒരുങ്ങുകയാണ്. കൂടുതല്‍ രാജ്യങ്ങള്‍ യുപിഐയിലേക്ക് മാറാന്‍ താല്‍പ്പര്യം കാണിക്കുന്നതിനിടെ ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് വിപ്ലവത്തിന്റെ നായകന്‍ ഒരു സുപ്രധാന നാഴികക്കല്ല് കൂടി കഴിഞ്ഞദിവസം പിന്നിട്ടു. ദൈനംദിന ഡിജിറ്റല്‍ ഇടപാടുകളില്‍ അന്താരാഷ്‌ട്ര വമ്പനായ വിസയെ യുപിഐ മറികടന്നു.
650 ദശലക്ഷത്തിലധികം പ്രതിദിന ഇടപാടുകളോടെയാണ് യുപിഐ വിസയ്ക്ക് മേല്‍ ആധിപത്യം നേടിയത്. 639 ദശലക്ഷം തല്‍സമയ പേമെന്റുകളാണ് വിസ ഉപയോഗിച്ച് നടത്തിയത്. യുപിഐയുടെ ഈ നേട്ടത്തെ അസാധാരണമാക്കുന്നത് അതിന്റെ വളര്‍ച്ചയുടെ കണ്ണഞ്ചിപ്പിക്കുന്ന വേഗതയാണ്. 2016 ല്‍ നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ആരംഭിച്ച യുപിഐ വെറും ഒന്‍പത് വര്‍ഷം കൊണ്ടാണ് 200 ല്‍ അധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിസ പോലെയുള്ള ഒരു ആഗോള വമ്പനെ പിന്നിലാക്കിയിരിക്കുന്നത്.
ആഗോള സാധ്യതകള്‍
നിലവില്‍ ഏഴ് രാജ്യങ്ങളില്‍ മാത്രമാണ് യുപിഐ സംവിധാനം ലഭ്യമായിട്ടുള്ളത്. എന്നിട്ടും പ്രതിദിന ഇടപാടുകളില്‍ റെക്കോഡ് സ്വന്തമാക്കാനായി. ആഗോള തലത്തിലെ വലിയ സാധ്യതകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ബാങ്കിംഗും പണമിടപാടുകളും ഒരു സ്മാര്‍ട്ട്‌ഫോണിലേക്ക് ലളിതമായി ചുരുക്കിയ ഇന്ത്യയുടെ വിപ്ലവകരമായ ഈ പ്ലാറ്റ്‌ഫോമിനെ ഐഎംഎഫ് അടക്കമുള്ള ആഗോള സാമ്പത്തിക സംവിധാനങ്ങള്‍ ഒരു കേസ് സ്റ്റഡിയായി പരിഗണിക്കുന്നുണ്ട്. പ്രതിമാസം 18 ബില്യണിലധികം ഇടപാടുകളാണ് യുപിഐ പ്രോസസ്സ് ചെയ്യുന്നത്.
യുപിഐ ഉപയോഗം കുതിച്ചുയരുന്നതിനനുസരിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ പോലുള്ള പരമ്പരാഗത പേയ്‌മെന്റ് രീതികള്‍ കുറയുകയാണ്. ഉപയോഗിക്കാനുള്ള എളുപ്പവും ബാങ്കുകളും ആപ്പുകളുമായുള്ള മികച്ച ധാരണയും സൗജന്യമായി ഉപയോഗിക്കാമെന്ന സൗകര്യവും യുപിഐയെ ബമ്പര്‍ ഹിറ്റാക്കി മാറ്റി.















