ന്യൂഡൽഹി: ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ എന്ന തന്റെ ഷോയ്‌ക്കിടെ നടത്തിയ അധിക്ഷേപകരവും ലൈംഗികാതിക്രമപരവുമായ പരാമർശങ്ങളുടെ പേരിൽ ദേശീയ വനിതാ കമ്മീഷന് മുന്നിൽ ഹാജരായി കൊമേഡിയൻ സമയ് റെയ്‌ന. സമയ് തന്റെ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിക്കുകയും വനിതാ പാനലിന് രേഖാമൂലം ക്ഷമാപണം എഴുതി നൽകുകയും ചെയ്തു.
പൊതു വേദികളിൽ സ്ത്രീകളോടുള്ള ബഹുമാനവും ആദരവും കാത്തുസൂക്ഷിക്കണമെന്നും മോശം പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ വിജയ രഹത്കർ സമയ് റെയ്‌നയോട് ആവശ്യപ്പെട്ടു. ഫെബ്രുവരി മുതൽ വനിതാ കമ്മീഷൻ ആവർത്തിച്ച് സമൻസുകൾ അയച്ചതിനെ തുടർന്നാണ് അദ്ദേഹം പാനലിന് മുന്നിൽ ഹാജരായത്.
സമയ് റെയ്‌ന അവതാരകനായ ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് എന്ന യു ട്യൂബ് റിയാലിറ്റി ഷോയിൽ അതിഥികളായി പങ്കെടുത്തവർ അടക്കം നടത്തിയ പരാമർശങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയത്. ‘ബിയർബൈസെപ്സ്’ എന്നറിയപ്പെടുന്ന യൂട്യൂബറും പോഡ്‌കാസ്റ്ററുമായ രൺവീർ അലഹാബാദിയ ഷോയിൽ മാതാപിതാക്കളെയും ലൈംഗികതയെയും കുറിച്ച് മോശം പരാമർശങ്ങൾ നടത്തി. ഈ പരാമർശങ്ങൾ വൻ പ്രതിഷേധത്തിന് കാരണമായി. തുടർന്ന് അതിഥികളായി പങ്കെടുത്തവർക്കും സമയ് റെയ്‌നയ്‌ക്കും ഈ പരാമർശങ്ങളുടെ പേരിൽ നിയമനടപടികൾ നേരിടേണ്ടി വന്നു.















