മുംബൈ: തീരദേശ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനായി ഗേറ്റ് വേ ഓഫ് ഇന്ത്യയ്‌ക്ക് സമീപത്തായി പാസഞ്ചർ ജെട്ടിയും ടെർമിനലും നിർമിക്കാൻ അനുമതി നൽകി മുംബൈ ഹൈക്കോടതി. മഹാരാഷ്‌ട്ര സർക്കാരും മുംബൈ മാരിടൈം ബോർഡും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
പാസഞ്ചർ ജെട്ടിയും ടെർമിനലും നിർമിക്കുന്നതിനെതിരെ ചിലർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജികൾ കോടതി തള്ളി. ചില പ്രദേശവാസികളും വിവിധ രാഷ്‌ട്രീയ സംഘടനകളും സർക്കാരും മാസങ്ങളോളം പോരാടിയതിന് ശേഷമാണ് വിധി വന്നത്.
പൊതുതാത്പര്യാർത്ഥം എടുത്ത നയപരമായ തീരുമാനമാണ് ഈ പദ്ധതിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അലോക് ആരാധെയും ജസ്റ്റിസ് സന്ദീപ് വി മാർണെയുടേതുമാണ് നടപടി. 570 മീറ്റർ നീളമുള്ള ജെട്ടിയിൽ 10 ബോർഡിംഗ് പ്ലാറ്റ്‌ഫോമുകൾ, വിഐപി ലോഞ്ചുകളുള്ള ടെർമിനൽ, 150 കാറുകൾക്കുള്ള പാർക്കിംഗ്, കഫേകൾ, ഒരു ഫുഡ് കോർട്ട് എന്നിവ ഉൾപ്പെടുന്നു.
ജെട്ടിയിൽ സജ്ജമാക്കിയിരിക്കുന്ന സൗകര്യങ്ങൾ യാത്രക്കാർക്ക് വേണ്ടി മാത്രമേ ഉപയോഗിക്കാവൂവെന്നും മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും കോടതി നിർദേശിച്ചു. ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ പ്രതിവർഷം 35 ലക്ഷം യാത്രക്കാർ ഉപയോഗിക്കുന്ന പഴക്കംച്ചെന്ന അഞ്ച് ജെട്ടികൾക്ക് പകരമായി എത്തുന്നവയാണിവ. അതുകൊണ്ട് തന്നെ ആധുനിക സൗകര്യങ്ങളും ജെട്ടിയിലുണ്ടാവും.
ജെട്ടിയിൽ വെള്ളവും പായ്‌ക്ക് ചെയ്ത ഭക്ഷണവും മാത്രമേ നൽകാവൂ. ജെട്ടിയിലെ സൗകര്യങ്ങൾ പരിസ്ഥിതിക്ക് ദോഷം വരുത്തരുതെന്നും കോടതി വ്യക്തമാക്കി.