ന്യൂഡൽഹി: ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം നൽകി ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം. ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
സമീപനാളുകളിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം. ഇറാനിലേക്ക് അത്യാവശ്യ യാത്രകൾ നടത്തുന്നതിന് മുമ്പ് സ്ഥിതിഗതികൾ വിലയിരുത്തണം. എംബസി നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും എക്സിൽ കുറിച്ചു.
ജൂൺ 13-നാണ് ഇറാൻ- ഇസ്രയേൽ യുദ്ധം ആരംഭിച്ചത്. ഇറാനിയൻ സൈനിക, ആണവകേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമണത്തിൽ തകർന്നിരുന്നു. പിന്നാലെ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ തിരിച്ചടിച്ചു. ഇസ്രയേലിന് പിന്തുണച്ച് യുഎസ് എത്തിയതോടെ സ്ഥിതിഗതികൾ അടപടലം മാറിമറിഞ്ഞു. ഇറാന്റെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ പ്രധാന ആണവകേന്ദ്രങ്ങൾക്ക് നേരെ യുഎസ് ആക്രമണം നടത്തി.
തുടർന്ന് ഇസ്രയേലിലെ വിവിധ മേഖലകളു ഇറാൻ ആക്രമിച്ചു. കൂടാതെ ഖത്തറിലുള്ള യുഎസ് സൈനിക വ്യോമതാവളവും ഇറാൻസേന തകർത്തെറിഞ്ഞു. ജൂൺ 24-ന് ഇസ്രായേൽ ഏകപക്ഷീയമായി ആക്രമണം നിർത്തുന്നതായി പ്രഖ്യാപിച്ചതോടെ 12 ദിവസത്തെ യുദ്ധം അവസാനിക്കുകയായിരുന്നു.