ന്യൂഡൽഹി: രാജ്യത്തിന്റെ തന്ത്രപ്രധാനമായ ദൗത്യങ്ങൾക്ക് വിദേശ സാങ്കേതികവിദ്യകളെ ആശ്രയിക്കരുതെന്ന് സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ. ഇന്നലത്തെ ആയുധസംവിധാനങ്ങൾ ഉപയോഗിച്ച് ഇന്നത്തെ യുദ്ധം ജയിക്കാനാകില്ലെന്നും അനിൽ ചൗഹാൻ പറഞ്ഞു. ഡൽഹിയിൽ നടന്ന യുഎവി കൗണ്ടർ അൺമാൻഡ് ഏരിയൽ സിസ്റ്റംസ് തദ്ദേശീയവത്കരണത്തെ കുറിച്ചുള്ള വർക്ക്ഷോപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന സാങ്കേതികസംവിധാനങ്ങൾ ഉപയോഗിക്കുന്നത് നമ്മൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചും അനിൽ ചൗഹാൻ പരാമർശിച്ചു. പാകിസ്ഥാൻ അതിർത്തികളിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചു. അവയിൽ പലതും ഇന്ത്യൻ സൈന്യം നിർവീര്യമാക്കി. പാകിസ്ഥാന് ഇന്ത്യൻ സൈന്യത്തെയോ ജനവാസമേഖലകളിലെ അടിസ്ഥാനസൗകര്യങ്ങളോ തകർക്കാൻ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസത്തെ ആയുധസംവിധാനങ്ങൾ ഉപയോഗിച്ച് ഇന്ന് യുദ്ധം ജയിക്കാനാകില്ല. ഇന്നത്തെ യുദ്ധം നാളത്തെ സാങ്കേതിവവിദ്യ ഉപയോഗിച്ച് പോരാടണം. പ്രതിരോധ ആയുധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും വിദേശ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ശ്രമിക്കണം.
ഉയർന്നുവരുന്ന വ്യോമഭീഷണികളെ ഫലപ്രദമായി നേരിടുന്നതിന് കൈനറ്റിക്, നോൺ-കൈനറ്റിക് പ്രതിരോധ നടപടികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അനിൽ ചൗഹാൻ പറഞ്ഞു.















