മുംബൈ: കോമ്രേഡ് പിണറായി വിജയൻ എന്ന ഇമെയിൽ ഐഡിയിൽ നിന്നും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെയുണ്ടായ ബോംബ് ഭീഷണി വ്യാജമെന്ന് കണ്ടെത്തൽ. സംശയാസ്പദമായി യാതൊന്നും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ഭീഷണിസന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. ബോംബ് സ്ക്വാഡ് ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് കോമ്രേഡ് പിണറായി വിജയൻ എന്ന ഫേക്ക് ഇമെയിൽ ഐഡിയിൽ നിന്നും സന്ദേശം വന്നത്. ബിഎസ്ഇ കെട്ടിടത്തിൽ നാല് ആർഡിഎക്സ് ഐഇഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും തിങ്കളാഴ്‌ച്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി സമഗ്രമായി അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പ്രതി വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് (VPN) വഴി സന്ദേശം അയച്ചതിനാലാണ് കണ്ടെത്താൻ സാധിക്കാത്തതെന്ന് പൊലീസ് പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാഷ്‌ട്രീയപ്രവർത്തകർ, നടൻമാർ , പ്രശസ്ത യൂട്യൂബർമാർ എന്നിവരുടെ പേരിലുള്ള ഫേക്ക് അക്കൗണ്ടുകളിൽ നിന്നും നിരവധി വ്യാജ ഭീഷണി സന്ദേശങ്ങൾ എത്താറുണ്ട്.