തിരുവനന്തപുരം: തെരുവുനായ്‌ക്കളെ ദയാവധം നടത്താൻ അനുമതി.അസുഖം ബാധിച്ചതോ , അസുഖം പടർത്താൻ സാധിക്കുന്നതോ ആയ നായകളെയാണ് ദയാവധത്തിന് വിധേയമാക്കുന്നത്. വെറ്ററിനറി സർജന്റെ നിർദ്ദേശപ്രകാരമാണ് ഇത് നടപ്പിലാക്കുക. കേന്ദ്ര ചട്ടങ്ങൾ അനുസരിച്ച് കൊണ്ടുതന്നെ ഇവറ്റയെ ദയാവധത്തിന് വിധേയമാക്കും.
രോഗബാധിതരായ തെരുവുനായകളെ വെറ്ററിനറി സർജന്റെ സാക്ഷ്യപത്രത്തോടെ ദയവധത്തിന് വിധേയമാക്കാമെന്ന് മന്ത്രി എംബി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന തെരുവുനായ വിഷയത്തിലെ ഉന്നതതലയോഗത്തിൽ തീരുമാനമായി.
ഏതെങ്കിലും മൃഗത്തിന് രോഗം പടർത്താൻ കഴിയുന്ന തരത്തിൽ അസുഖമുണ്ടെന്ന് കേന്ദ്ര സർക്കാരിനോ സംസ്ഥാന സർക്കാരിനോ ബോധ്യപ്പെട്ടാൽ, അത്തരം രോഗം നിയന്ത്രിക്കുന്നതിനായി അവയെ ദയാവധത്തിന് വിധേയമാക്കുന്നതിന് 2023 ലെ ആനിമൽ ഹസ്ബൻഡറി പ്രാക്ടീസ് ആൻഡ് പ്രോസീജ്യർ റൂളിൽ അനുമതി നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
മൃഗത്തിന് മാരകമായി പരിക്കേൽക്കുകയോ അല്ലെങ്കിൽ അതിന്റെ ആരോഗ്യസ്ഥിതി ദയനീയമായ അവസ്ഥയിലാണെന്നോ വെറ്ററിനറി വിദഗ്ധൻ സാക്ഷ്യപ്പെടുത്തുകയാണെങ്കിൽ ദയാവധത്തിന് വിധേയമാക്കാം. ഈ ചട്ടം ഉപയോഗപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങളോട് നിർദേശിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ദയാവധത്തിനായി നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങൾ പാലിച്ച് വെറ്ററിനറി ഡോക്ടറുടെ മേൽനോട്ടത്തിൽ ദയാവധം നടത്തേണ്ടതാണെന്നാണ് നിയമത്തിൽ അനുശാസിക്കുന്നത്.















