കൊച്ചി: കോടതിയെ നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ആലങ്ങാട് സ്വദേശിക്ക് തടവു ശിക്ഷ. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് വിധി. ഹൈക്കോടതി ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടേതാണ് വിധി.
പ്രതിക്ക് മൂന്ന് ദിവസത്തെ തടവും രണ്ടായിരം രൂപ പിഴയും ഹൈക്കോടതി വിധിച്ചു. എറണാകുളം ആലങ്ങാട് സ്വദേശിയായ പി കെ സുരേഷ് കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. ഇതിന് മുമ്പും സമാനമായ രീതിയിൽ കോടതി വ്യവഹാരങ്ങളെ അധിക്ഷേപിച്ച് ഇയാൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ ചെയ്തിരുന്നു. തുടർന്ന് ഇയാൾക്കെതിരേ കോടതീയലക്ഷ്യത്തിന് കേസെടുക്കുകയും വാദത്തിനിടെ കോടതിയോട് തന്റെ പ്രവർത്തിയിൽ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. മാപ്പ് സ്വീകരിച്ച് കോടതി ഇയാളെ വെറുതേ വിട്ടു. കോടതിയിലെ മാപ്പ് തന്റെ ‘അടവ്’ആയിട്ടാണ് മാപ്പ് പറഞ്ഞത് എന്നായിരുന്നു സുരേഷ് കുമാർ പുറത്തിറങ്ങി പ്രതികരിച്ചത്.
കോടതി മാപ്പ് നൽകി വിട്ടയച്ചതിന് ശേഷവും ഇയാൾ നിരന്തരമായി കോടതിക്കെതിരേ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിക്കൊണ്ട് സാമൂഹികമാധ്യമങ്ങളിൽ കുറിപ്പുകളിടുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതി ഇയാൾക്കെതിരേ സ്വമേധയാ കേസെടുത്തത്.















