ന്യൂഡൽഹി: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ബുധനാഴ്ച 100 ജില്ലകളെ ഉൾപ്പെടുത്തി 2025-26 മുതൽ ആറ് വർഷംകൊണ്ട് നടപ്പിലാക്കുന്ന’പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന’യ്‌ക്ക് അംഗീകാരം നൽകി.
കൃഷിയിലും അനുബന്ധ മേഖലകളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമായ നിതി ആയോഗിന്റെ ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ് പ്രോഗ്രാമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പദ്ധതി. വിള വൈവിധ്യവൽക്കരണം, ജല-മണ്ണ് ആരോഗ്യ സംരക്ഷണം, കൃഷിയിലും അനുബന്ധ മേഖലകളിലും സ്വയംപര്യാപ്തത കൈവരിക്കൽ, പ്രകൃതിദത്തവും ജൈവകൃഷിയും വ്യാപിപ്പിക്കൽ എന്നീ ദേശീയ ലക്ഷ്യങ്ങളുമായി ജില്ലകളിൽ പദ്ധതികൾ സംയോജിപ്പിക്കും
ഓരോ ധൻ-ധന്യ ജില്ലയിലെയും പദ്ധതിയുടെ പുരോഗതി പ്രതിമാസം നിരീക്ഷിക്കും. ജില്ലാ പദ്ധതികൾ നിതി ആയോഗ് അവലോകനം ചെയ്യുകയും മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യും. കൂടാതെ, ഓരോ ജില്ലയിലേക്കും നിയോഗിക്കപ്പെട്ട കേന്ദ്ര നോഡൽ ഓഫീസർമാരും പദ്ധതി പതിവായി അവലോകനം ചെയ്യുമെന്ന് പ്രസ്താവനയിൽ വിശദീകരിച്ചു.
പദ്ധതി ഉയർന്ന ഉൽപ്പാദനക്ഷമത, കൃഷിയിലും അനുബന്ധ മേഖലകളിലും മൂല്യവർദ്ധനവ്, പ്രാദേശിക ഉപജീവനമാർഗ്ഗം സൃഷ്ടിക്കൽ എന്നിവയ്‌ക്ക് കാരണമാകും. അതുവഴി ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുകയും സ്വാശ്രയത്വം കൈവരിക്കുകയും ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.















