മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എഫ്എംസിജി വിഭാഗമായ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് തങ്ങളുടെ സോഫ്റ്റ് ഡ്രിങ്ക് ബ്രാന്‍ഡായ കാമ്പ കോള നേപ്പാളില്‍ അവതരിപ്പിച്ചു. നേപ്പാളിലെ പ്രമുഖ എഫ്എംസിജി ബ്രാന്‍ഡായ ചൗധരി ഗ്രൂപ്പുമായി (സിജി) പങ്കാളിത്തമുണ്ടാക്കിയാണ് കാമ്പ കോള നേപ്പാളില്‍ എത്തിച്ചിരിക്കുന്നത്.
യുഎഇ, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ കാമ്പ കോള നേരത്തെ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേപ്പാളിലേക്കും ബിസിനസ് വ്യാപിപ്പിച്ചിരിക്കുന്നത്. കാമ്പ കോള, കാമ്പ ലെമണ്‍, കാമ്പ ഓറഞ്ച്, കാമ്പ എനര്‍ജി ഗോള്‍ഡ് ബൂസ്റ്റ്, കാമ്പ എനര്‍ജി ബെറി കിക്ക് എന്നിവയാണ് ഉല്‍പ്പന്നങ്ങളിലുള്ളത്.
കാമ്പയെന്ന പഴയ രാജാവ്
1970 കളിലും 1980 കളിലും ഇന്ത്യയിലെ ശീതള പാനീയ വ്യവസായത്തെ നയിച്ചിരുന്ന കമ്പനിയായിരുന്ന കാമ്പ. എന്നാല്‍ പെപ്‌സിയുടേയും കൊക്ക കോളയുടേയും വരവോടെ അടിതെറ്റി. 2022 ല്‍ റിലയന്‍സ് കാമ്പയെ ഏറ്റെടുക്കുകയും 2023 ല്‍ റീലോഞ്ച് ചെയ്യുകയും ചെയ്തു. ഇന്ത്യന്‍ ശീതളപാനീയ വ്യവസായത്തില്‍ കൊക്ക കോളക്കും പെപ്‌സിക്കും ഒത്ത എതിരാളിയായി കാമ്പയെ ഉയര്‍ത്തിക്കൊണ്ടു വരാനാണ് റിലയന്‍സിന്റെ ശ്രമം. ഒപ്പം വിദേശ വിപണികളിലും ശക്തമായ സാന്നിധ്യമാകാന്‍ കമ്പനി പദ്ധതിയിട്ടിരിക്കുന്നു.
ചൗധരി ഗ്രൂപ്പ്
ആഗോള വിപണിയില്‍ 200 ല്‍ അധികം കമ്പനികളും 260 ബ്രാന്‍ഡുകളും പ്രവര്‍ത്തിപ്പിക്കുന്ന വമ്പന്‍ ബിസിനസ് സ്ഥാപനമാണ് നേപ്പാളിലെ ചൗധരി ഗ്രൂപ്പ്. ജനപ്രിയ നൂഡില്‍സ് ബ്രാന്‍ഡായ ‘വായ് വായ്’ ചൗധരി ഗ്രൂപ്പിന്റേതാണ്.















