ബെംഗളൂരു: നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ഭാര്യയ്‌ക്കും ഭാര്യ വീട്ടുകാർക്കുമെതിരെ പരാതി നൽകി യുവാവ്. കർണാടകയിലെ ഗഡാഗ് ജില്ലയിലാണ് സംഭവം. വിശാൽ ഗോകവി എന്ന യുവാവാണ് ഭാര്യ തെഹ്സീനും ഭാര്യാവീട്ടുകാർക്കുമെതിരെ പരാതി നൽകിയത്. തന്നെ നിർബന്ധിപ്പിച്ച് മതം മാറ്റാൻ ശ്രമിക്കുകയാണെന്നും വിസമ്മതിച്ചാൽ വ്യാജ പീഡനക്കേസിൽ കുരുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് ആരോപിച്ചു.
മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിശാലും തെഹ്സീനും വിവാഹിതരായത്. പിന്നീട് യുവതിയുടെ കുടുംബത്തിന്റെ സമ്മർദ്ദത്തിൽ മുസ്ലീം ആചാരങ്ങളോടെ ഇരുവരും വീണ്ടും വിവാഹിതരായി. തന്റെ സമ്മതമില്ലാതെയാണ് യുവതിയുടെ വീട്ടുകാർ മുസ്ലീം ആചാരപ്രകാരം വിവാഹം നടത്തിയതെന്ന് യുവാവ് പറഞ്ഞു. മതം മാറണമെന്ന് നിർബന്ധിച്ച് ഭാര്യാവീട്ടുകാർ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും പരാതിക്കാരൻ ആരോപിച്ചു.
ജമാഅത്ത് അംഗങ്ങളെല്ലാം ഒരുമിച്ച് കൂടി എന്നെ മതം മാറാൻ ആവശ്യപ്പെട്ടു. ഞാൻ വിസമ്മതിച്ചപ്പോൾ പീഡനക്കേസിലെ പ്രതിയാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. മാത്രമവുമല്ല, ഞാൻ എല്ലാ ദിവസവും നമസ്കരിക്കുന്നുണ്ടോ എന്ന് നോക്കാൻ അവർ ഭാര്യയെ ചുമതലപ്പെടുത്തിയിരുന്നു. തന്റെ പേര് മാറ്റാനും നിർബന്ധിപ്പിച്ചിരുന്നെന്ന് യുവാവ് പറഞ്ഞു.
മുസ്ലീം ആചാരപ്രകാരം നടത്തിയ വിവാഹത്തിന്റെ വീഡിയോ പുറത്തുവന്നതോടെ നിരവധി ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയും കുടുംബത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.















