റായ്പൂർ: മദ്യകുംഭകോണവുമായു ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിന്റെ മകൻ ചൈതന്യ ബാഗേലിന്റെ വീട്ടിൽ ഇഡി റെയ്ഡ്. കേസിൽ നിർണായക തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. ഇന്ന് പുലർച്ചെയായിരുന്നു പരിശോധന.
കഴിഞ്ഞ മാർച്ചിൽ ചൈതന്യ ബാഗേലിനെതിരെ അന്വേഷണ ഏജൻസികൾ റെയ്ഡ് നടത്തിയിരുന്നു. മദ്യകുംഭകോണവുമായി ബന്ധപ്പെട്ടുള്ള വരുമാനത്തിന്റെ സ്വീകർത്താവ് ചൈതന്യ ബാഗേലാണെന്ന് സംശയിക്കുന്നതായി ഇഡി അറിയിച്ചു.
ഭൂപേഷ് ബാഗേൽ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് അഴിമതി നടന്നത്. കോൺഗ്രസ് ഭരണകാലത്ത് സംസ്ഥാന ഖജനാവിൽ നിന്നും 2,100 കോടിയിലധികം രൂപയാണ് നഷ്ടമായതെന്ന് കണ്ടെത്തിയിരുന്നു. 2019-നും 2023-നും ഇടയിലാണ് അഴിമതി നടന്നത്. കമ്മീഷൻ പിരിക്കുക, കണക്കിൽപെടാത്ത മദ്യം സർക്കാർ മദ്യശാലകൾക്ക് വിതരണം ചെയ്യുക എന്നിവ ഉൾപ്പെടെ 2,161 കോടിയുടെ തട്ടിപ്പാണ് നടന്നത്.















