കോഴിക്കോട്: സ്കൂൾ സമയവുമായി ബന്ധപ്പെട്ട് സമസ്തയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്ക സഭ മുഖപത്രം. മതപഠനം കഴിഞ്ഞു മതി പൊതുപഠനം എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. സ്കൂൾ സമയം പോലും മതപഠനത്തിന് അനുസരിച്ച് ക്രമീകരിച്ച് കൊള്ളണമെന്ന സമസ്തയുടെ ആവശ്യം മതേതര വിരുദ്ധമാണെന്ന് ദീപിക മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. ‘സീസറിനുള്ളതു ദൈവത്തിനു വേണ്ട’ എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം.
സമയമാറ്റത്തിലെ അധിക അര മണിക്കൂർ വൈകുന്നേരത്തേക്ക് മാറ്റണമെന്നും ഓണം, ക്രിസ്മസ്, മധ്യവേനൽ അവധികൾ വെട്ടിക്കുറച്ച് അധ്യയനസമയം വർധിപ്പിക്കണമെന്നുമുള്ള നിർദേശങ്ങൾ സർക്കാരിനു സമർപ്പിക്കുമെന്നാണ് സമസ്ത പറയുന്നത്. പൊതുവിദ്യാഭ്യാസ സമയംപോലും മതപഠനത്തിനനുസരിച്ച് ക്രമീകരിച്ചുകൊള്ളണം എന്നാണ് അവരുടെ ആവശ്യം. ജനാധിപത്യവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തിൽനിന്നു മാറ്റരുതെന്നു പറയുന്നവർ തന്നെയാണ് മതപഠനം കഴിഞ്ഞു മതി പൊതുപഠനം എന്ന് പറയുന്നത്.
മദ്രസപഠനത്തിനു മതം നിഷ്കർഷിക്കുന്ന അത്രയും സമയം ഉണ്ടാക്കിക്കൊടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നു വാദിക്കുന്നതിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. മറ്റു മതസ്ഥർ തങ്ങളുടെ ആരാധനകൾക്കും മതപഠനങ്ങൾക്കും ഒഴിവുദിവസങ്ങളിലാണ് സമയം കണ്ടെത്തിയിട്ടുള്ളത്. അതുപോലും സർക്കാർ പലപ്പോഴും പ്രവൃത്തിദിനമാക്കിയിട്ടുണ്ട്.
അതേസമയം, വെള്ളിയാഴ്ചകളിൽ മുസ്ലിം വിദ്യാർഥികൾക്കു പ്രാർഥിക്കുന്നതിനുവേണ്ടി അധ്യയന സമയം ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്. അതിനു പുറമേയാണ്, എല്ലാ മതസ്ഥർക്കും മതമില്ലാത്തവർക്കുംവേണ്ടിയുള്ള പൊതുവിദ്യാഭ്യാസത്തിന്റെ സമയം മദ്രസ പഠനത്തിനുവേണ്ടിയും ഒഴിവാക്കണമെന്ന ആവശ്യം. മുസ്ലിം മതമൗലികവാദ സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് സൂംബ ഡാൻസ് ചുവട് ഇടറി നിൽക്കുകയാണ്.
സമാന ആവശ്യങ്ങൾ മറ്റുള്ളവരും ഉന്നയിച്ചാൽ കാര്യങ്ങൾ എവിടെയെത്തുമെന്നും കത്തോലിക്ക സഭ ചോദിക്കുന്നു. ഓണത്തിനും ക്രിസ്മസിനും 10 ദിവസം വീതം അവധി നൽകുമ്പോൾ പെരുന്നാളിന് ഒരു ദിവസം മാത്രമേ അവധി നൽകുന്നുള്ളുവെന്ന സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയുടെ വാക്കുകളും മുഖപ്രസംഗത്തിലുണ്ട്.
സിബിഎസ്ഇയിൽ ഉൾപ്പെടെ കേന്ദ്ര സിലബസിൽ പഠിക്കുന്ന മദ്രസ വിദ്യാർഥികൾക്ക് മദ്രസ പഠനത്തിനു സമയമില്ലെങ്കിലും ആർക്കും പരാതിയുള്ളതായി കേട്ടിട്ടില്ല. മദ്രസയിലെയും പൊതുവിദ്യാലയങ്ങളിലെയും പഠനസമയം വർധിക്കുന്നത് കുട്ടികളെ ക്ഷീണിതരാക്കുമെന്ന വാദവും ചിലർ ഉന്നയിച്ചു കണ്ടു. സ്കൂൾ പഠനത്തിനു പുറമേ, സ്വന്തം കുട്ടികൾക്കുമേൽ രണ്ടു മണിക്കൂർ മദ്രസ പഠനംകൂടി ചുമത്തിയവരുടേതാണ് ഈ രോദനം. മദ്രസ പഠനസമയത്തിൽനിന്ന് 15 മിനിറ്റ് കുറച്ചാൽ ഇതു പരിഹരിക്കാവുന്നതല്ലേ. മതപഠനത്തെ പൊതുവിദ്യാഭ്യാസവുമായി കൂട്ടിക്കുഴയ്ക്കാത്തവരുടെ ചെലവിൽ മദ്രസ പഠനത്തിനു സമയം കണ്ടെത്താൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പും നൽകുന്നുണ്ട്. തെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ സർക്കാരിന്റെ തീരുമാനം അറിയാൻ കൗതുകമുണ്ടെന്നും ദീപിക പറഞ്ഞുവെക്കുന്നുണ്ട്.















