റായ്പുര്‍: ഛത്തീസ്ഗഢ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ മകനും വ്യവസായിയുമായ ചൈതന്യ ബാഗേല്‍ അറസ്റ്റില്‍. സംസ്ഥാനത്തിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ചൈതന്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്. ഇന്ന് (വെള്ളിയാഴ്ച) രാവിലെ ഭൂപേഷ് ബാഗേലിന്റെ ഭിലായിയിലെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈതന്യയുടെ അറസ്റ്റ്.
ഭൂപേഷ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്ത് നടപ്പാക്കിയ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയില്‍ മുന്‍ എക്‌സൈസ് മന്ത്രി കവാസി ലഖ്മ ഉള്‍പ്പെടെ 70 പേരെ പ്രതിചേര്‍ത്ത് ഛത്തീസ്ഗഢ് ആന്റി കറപ്ഷന്‍ ബ്യൂറോ കേസ് എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണം ആരംഭിച്ചത്.
സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, രാഷ്‌ട്രീയക്കാര്‍, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവർ ചേര്‍ന്ന് സമാന്തര എക്‌സൈസ് വകുപ്പ് നടത്തുകയായിരുന്നു എന്നാണ് ഇഡി ആരോപണം. മദ്യം വില്‍പന നടത്തിയെങ്കിലും പണം സംസ്ഥാന ഖജനാവിലെത്തിയിരുന്നില്ല. ഇതിലൂടെ സര്‍ക്കാരിന് 2,161 കോടിരൂപയുടെ നഷ്ടമുണ്ടായെന്നാണ് അന്വേഷണ ഏജന്‍സി കണക്കാക്കിയിരിക്കുന്നത്. അഴിമതിപ്പണത്തിലൊരു ഭാഗം ചൈതന്യയും അടുത്ത അനുയായികളും ചേര്‍ന്ന് നടത്തുന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളിലൂടെ വെളുപ്പിച്ചെടുത്തെന്നാണ് ആരോപണം.
കഴിഞ്ഞ മാർച്ചിൽ ചൈതന്യ ബാഗേലിനെതിരെ അന്വേഷണ ഏജൻസികൾ റെയ്ഡ് നടത്തിയിരുന്നു. മദ്യകുംഭകോണവുമായി ബന്ധപ്പെട്ടുള്ള വരുമാനത്തിന്റെ സ്വീകർത്താവ് ചൈതന്യ ബാഗേലാണെന്ന് സംശയിക്കുന്നതായി ഇഡി അറിയിച്ചു.
ഭൂപേഷ് ബാഗേൽ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് അഴിമതി നടന്നത്. കോൺഗ്രസ് ഭരണകാലത്ത് സംസ്ഥാന ഖജനാവിൽ നിന്നും 2,100 കോടിയിലധികം രൂപയാണ് നഷ്ടമായതെന്ന് കണ്ടെത്തിയിരുന്നു. 2019-നും 2023-നും ഇടയിലാണ് അഴിമതി നടന്നത്. കമ്മീഷൻ പിരിക്കുക, കണക്കിൽപെടാത്ത മദ്യം സർക്കാർ മദ്യശാലകൾക്ക് വിതരണം ചെയ്യുക എന്നിവ ഉൾപ്പെടെ 2,161 കോടിയുടെ തട്ടിപ്പാണ് നടന്നത്.















