കൊല്ലം: സിപിഎം ജില്ലാകമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള തേവലക്കര ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിയമവിരുദ്ധമായി സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളിലൂടെ വലിച്ച വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച മിഥുന്റെ സംസ്കാരം നാളെ വൈകുന്നേരം അഞ്ച് മണിക്ക്. വിദേശത്തുള്ള അമ്മ സുജ നാളെ നാട്ടിലെത്തും.
കുട്ടിയുടെ മൃതദേഹം രാവിലെ പത്ത് മണിക്ക് തേവലക്കര ബോയ്സ് ഹൈസ്കൂളിൽ പൊതുദർശനത്തിന് വയ്‌ക്കും. ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെ മൃതദേഹം വീട്ടിലെത്തിക്കും. വൈകുന്നേരത്തോടെ വീട്ടുവളപ്പിൽ സംസ്ക്കാര ചടങ്ങുകൾ നടക്കും. നാളെ രാവിലെ ഒമ്പത് മണിയോടെ നെടുമ്പാശേരിയിലെത്തുന്ന സുജ ഉച്ചയ്‌ക്ക് രണ്ട് മണിയോടെ വീട്ടിലെത്തും.
സംഭവത്തിൽ തേവലക്കര ബോയ്സ് ഹൈസ്കൂൾ പ്രധാന അധ്യാപികയെ സസ്പെൻ്റ് ചെയ്യാൻ സർക്കാർ മാനേജുമെൻ്റിന് നിർദേശം നൽകി. മാനേജുമെൻ്റ് നടപടി എടുത്തില്ലെങ്കിൽ സർക്കാർ നടപടി എടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.















