കൊച്ചി: എറണാകുളം വടുതലയിൽ ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. വടുതല സ്വദേശികളായ ക്രിസ്റ്റഫർ, ഭാര്യ മേരി എന്നിവരെ അയൽവാസിയായ വില്യം എന്നയാളാണ് ആക്രമിച്ചത്. 50 ശതമാനത്തിലധികം പൊള്ളലേറ്റ ദമ്പതികൾ അതീവ ഗുരുതരാവസ്ഥയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ക്രിസ്റ്റഫർ ജീവൻ നിലനിർത്തുന്നത്.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. മൗണ്ട് കാർമൽ പള്ളിയിൽ പെരുന്നാളിൽ പങ്കെടുത്ത ശേഷം സ്കൂട്ടറിൽ വരികയായിരുന്ന ദമ്പതികളെ വീട് മുന്നിൽ തടഞ്ഞു നിർത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇടുങ്ങിയ ഇടവഴിയായതിനാൽ ഓടി രക്ഷപ്പെടാൻ ഇരുവർക്കുമായില്ല. തുടർന്ന് സ്വന്തം വീട്ടിൽ കയറി വില്യം ജീവനൊടുക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ക്രിമിനൽ സ്വഭാവമുള്ള വീട്ടിൽ വില്യം ഒറ്റക്കായിരുന്നു താമസം. ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് ഇയാൾ നിരന്തരം മാലിന്യം വലിച്ചെറിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ക്രിസ്റ്റഫർ വീട്ടിൽ സിസിടിവി ഘടിപ്പിച്ചിരുന്നു. ഇതോടെ വില്യമിന് പക കൂടി. ഇതാണ് ക്രൂരകൃത്യത്തിന് കാരണമെന്നാണ് നിഗമനം. വില്യമിനെതിരെ നേരത്തേയും കേസുകളുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു പൊള്ളലേറ്റ ദമ്പതികൾക്ക് മക്കളില്ല.















