തൃശൂര്‍: തൃശൂരിൽ റോഡിലെ കുഴി വീണ്ടും ജീവനെടുത്തു. തൃശൂര്‍ അയ്യന്തോളിലാണ് ബൈക്ക് യാത്രക്കാരനായ യുവാവ് സ്വകാര്യ ബസിനിടയിൽപ്പെട്ട് മരിച്ചത്. ലാലൂര്‍ എൽത്തുരുത്ത് സ്വദേശി ആബേൽ ചാക്കോയ്‌ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
അയ്യന്തോളിൽ കുറുഞ്ഞാക്കൽ ജംഗ്ഷനിൽ കുഴിയിൽ ചാടാതിരിക്കാൻ ബൈക്ക് വെട്ടിച്ചതിനെ തുടർന്നാണ് ബസിന്റെ അടിയിൽ പെട്ടത്. ബൈക്കിൽ ജോലിക്ക് പോകുകയായിരുന്ന യുവാവ് റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിക്കുകയായിരുന്നു. ബാങ്ക് ജീവനക്കാരനാണ് മരിച്ച ആബേൽ.പുഴക്കൽ ഭാഗത്തേക്കുള്ള യാത്രയിലായിരുന്നു ആബേൽ ചാക്കോ. മുന്നിലുണ്ടായിരുന്ന ബസിനെ മറികടന്ന് മുന്നോട്ടു പോകുന്നതിനിടെ കുഴികണ്ട് വെട്ടിക്കുമ്പോഴാണ് ബസിന് അടിയിൽ പെട്ടത്.
ബൈക്ക് വെട്ടിച്ചതോടെ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസിനടിയിൽപെട്ടാണ് മരണം. ബസ് അമിതവേഗതയിലായിരുന്നുവെന്ന് റിപ്പോർട്ടുണ്ട് .കഴിഞ്ഞ മാസം അമ്മയുമായി ക്ഷേത്രത്തിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന യുവാവും അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടര്‍ വെട്ടിച്ചപ്പോള്‍ പിന്നാലെയെത്തിയ ബസ് ഇടിച്ചുകയറുകയായിരുന്നു. പുങ്കുന്നം സ്വദേശി വിഷ്ണുദത്താണ് അന്ന് മരിച്ചത്. ബസുകളുടെ അമിത വേഗതയും റോഡിലെ കുഴിയുമാണ് അപകടകാരണമെന്നാരോപിച്ച് നാട്ടുകാര്‍ റോഡ് തടഞ്ഞ് പ്രതിഷേധിച്ചു. കൗണ്‍സിലര്‍ മെഫി ഡെന്‍സന്‍റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞിട്ടും കോര്‍പ്പറേഷൻ മേയറടക്കമുള്ളവര്‍ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം. പൊതുമരാമത്തിന് കീഴിലുള്ള റോഡാണിത്.
ബിജെപി പ്രവര്‍ത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ബിജെപി മണ്ഡലം പ്രസിഡന്‍റ് രഘുനാഥിന്‍റെ നേതൃത്വത്തിലാണ് ബിജെപി പ്രതിഷേധം. അപകടമുണ്ടാക്കിയ സ്വകാര്യ ബസും തടഞ്ഞിട്ടു. ഇതേ തുടര്‍ന്ന് പുഴക്കൽ അയ്യന്തോള്‍ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. തൃശൂരിലെ എംജി റോഡിൽ തന്നെയാണ് ഇന്നത്തെ അപകടവും ഉണ്ടായത്.















