പൂനെ: മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്റെ മുൻ ഭാര്യയും നടിയും മോഡലുമായി സംഗീത ബിജ്‌ലാനിയുടെ ഉടമസ്ഥതയിലുള്ള ബംഗ്ലാവിൽ വൻ കവർച്ച. പൂനെ ലോണാവാലയിലെ ഫാംഹൗസിൽ സ്ഥിതി ചെയ്യുന്ന ആഢംബര വസതിയിലാണ് മോഷണം നടന്നത്.
മാർച്ച് 7 നും ജൂലൈ 18 നും ഇടയിലാണ് കവർച്ച നടന്നത്. ഈ സമയം രോഗ ബാധിതനായ പിതാവിനൊപ്പം മുംബൈയിലായിരുന്നു നടി. പ്രധാന വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. എന്നാൽ ജനൽ ഗ്രില്ലുകളും തകർത്ത നിലയിലാണ്. ഫർണിച്ചറുകൾ, സിസിടിവി ക്യാമറകൾ ഉൾപ്പെടെ നശിപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോയെന്നാണ് പ്രാഥമിക വിവരം. പവന അണക്കെട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ഫാംഹൗസ് കഴിഞ്ഞ നാല് മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു.
വെള്ളിയാഴ്ചയാണ് സംഗീത ബിജ്ലാനി മുംബൈയിൽ നിന്നും പൂനെയിലെ ഫാം ഹൗസിൽ എത്തിയത്. രണ്ട് ജോലിക്കാരും കൂടെയുണ്ടായിരുന്നു. പിന്നീലെയാണ് മോഷണം നടന്നതായി സ്ഥിരീകരിച്ചത്. സംഗീതയുടെ പരാതിയിൽ പൂനെ റൂറൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















